കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ബിർഭൂം ജില്ലയിലെ താരാപീഠിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടലിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഏഴു പേർ വെന്തുമരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ചയായ ഓഗസ്റ്റ് 17 തിങ്കളാഴ്ച പുലർച്ചെ 4.30-ഓടെയാണ് ദുരന്തമുണ്ടായത്. താരപീഠിലെ പ്രസിദ്ധമായ കാളി ക്ഷേത്രത്തിലും അനുബന്ധ ശിവക്ഷേത്രത്തിലും ദർശനം നടത്താനെത്തിയ ഭക്തരാണ് അപകടത്തിൽപ്പെട്ടവരിലേറെയും.
നാലു നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിലാണ് ആദ്യമായി തീ പടർന്നുപിടിച്ചത്. അതിഥികൾ ഭൂരിഭാഗവും നല്ല ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു ദുരന്തം. റിസപ്ഷന് സമീപമുള്ള പവർ സപ്ലൈ സിസ്റ്റത്തിലെ വൈദ്യൂത ഉപകരണങ്ങളിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഹോട്ടൽ അധികൃതരുടെ പ്രാഥമിക നിഗമനം. എന്നാൽ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ശാസ്ത്രീയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിലെ അലങ്കാര വസ്തുക്കളിലേക്കും ഫൈബർ സാമഗ്രികളിലേക്കും തീ അതിവേഗം പടർന്നുപിടിച്ചതോടെ കെട്ടിടത്തിൽ ആകെ പുകനിറഞ്ഞു. കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേക്ക് പുക പടർന്നതോടെ മുറികളിൽ കുടുങ്ങിയ അതിഥികൾക്ക് പുറത്തുകടക്കാനാവാത്ത അവസ്ഥയായി.
വിവരമറിഞ്ഞ ഉടൻതന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. പരിക്കേറ്റവരെയും ശ്വാസംമുട്ടൽ അനുഭവപ്പെട്ടവരെയും ഉടൻതന്നെ രാംപൂർഹാട്ട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യഘട്ടത്തിൽ അഞ്ചുപേരുടെ മരണമാണ് സ്ഥിരീകരിച്ചിരുന്നതെങ്കിലും പിന്നീട് അത് ഏഴായി ഉയർന്നതായി പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പൊള്ളലേറ്റതിന് പുറമെ പുക ശ്വസിച്ച് ശ്വാസംമുട്ടിയതാണ് മരണസംഖ്യ ഉയരാൻ കാരണമായത്.