ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതു തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ കോൺഗ്രസ് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. എഐസിസി ആസ്ഥാനത്തെ ചടങ്ങുകൾക്കിടെ വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർക്കെതിരെ കര്ണാടകയ്‌ക്ക് പിന്നാലെ ഡൽഹിയിലും ഔദ്യോഗികമായി പരാതി നൽകി. ഡൽഹി ഐപി എസ്റ്റേറ്റ് പോലീസ് സ്റ്റേഷനിൽ രണ്ട് പ്രമുഖ അഭിഭാഷകരാണ് സോണിയക്കെതിരെ ഗുരുതര ആരോപണങ്ങളോടെ പരാതി നൽകിയിരിക്കുന്നത്.
മംഗളൂരു ഉർവ പോലീസ് സ്റ്റേഷനിൽ ബിജെപി നേതാക്കളായ വികാസ് പുറ്റൂ, രാജഗോപാൽ എന്നിവർ നൽകിയ പരാതിക്ക് തൊട്ടുപിന്നാലെയാണ് രാജ്യതലസ്ഥാനത്തും നിയമനടപടികൾ ആരംഭിച്ചത്. ദേശീയ ഗാനത്തോട് കടുത്ത അനാദരവ് കാണിച്ചുവെന്നും, ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ കർണാടകയിലെ ബെംഗളൂരുവിലും ബിജെപി യുവമോർച്ച സമാനമായ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.
അതേസമയം, കോൺഗ്രസ് ചരിത്രത്തിലാദ്യമായി എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ച നടപടി പാർട്ടി ഹൈക്കമാൻഡിനെ പൂർണ്ണമായും വെട്ടിലാക്കിയിരിക്കുകയാണ്. എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഉയർന്ന ഈ അപ്രതീക്ഷിത വിവാദത്തിൽ കോൺഗ്രസ് സേവാദൾ നേതൃത്വം ഹൈക്കമാൻഡിന് വാക്കാൽ വിശദീകരണം നൽകി. സേവാദൾ അധ്യക്ഷൻ ബി.വി. ശ്രീനിവാസും മുൻ അധ്യക്ഷൻ ലാൽജി ദേശായിയുമാണ് കാര്യങ്ങൾ വിശദീകരിച്ചത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന പാർട്ടി നിലപാടിലെ നിർദേശം ഗായക സംഘത്തിന് മുൻകൂട്ടി നൽകാൻ വിട്ടുപോയതാണ് പൂർണ്ണമായി ആലാപനം നീളാൻ ഇടയാക്കിയതെന്നാണ് ഇവർ നേതൃത്വത്തിന് നൽകിയ സൂചന. ആലാപനത്തിനിടെ നേതാക്കൾ പരസ്പരം സംസാരിക്കുന്നതും സോണിയ ചില ചേഷ്ടകളോടെ ആലാപനം നിർത്താൻ ആവശ്യപ്പെടുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
വിഷയം രാഷ്‌ട്രീയമായി ഉന്നയിച്ച് ബിജെപിയും മറ്റുള്ളവരും കോൺഗ്രസിനെതിരെ കടുത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ സംഭവത്തെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. വന്ദേമാതരം തടസ്സപ്പെടുത്താൻ മനഃപൂർവം ശ്രമിച്ചുവെന്ന് ആരോപിച്ച് സോണിയ ഗാന്ധിക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുന്ന കാര്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിൽ ആലോചന ശക്തമാണ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) വിഷയത്തിൽ കോൺഗ്രസിനെതിരെ പരസ്യമായി രംഗത്തെത്തി. സോണിയ ഗാന്ധിയുടെയും കോൺഗ്രസ് നേതൃത്വത്തിന്റെയും ഇത്തരം നടപടികൾ രാജ്യത്തിന് തന്നെ വലിയ നാണക്കേടാണെന്ന് വിഎച്ച്പി വക്താവ് സുരേന്ദ്ര ജെയിൻ തുറന്നടിച്ചു. വന്ദേമാതരം പാടിത്തീരാൻ എടുക്കുന്ന ആ നിമിഷങ്ങൾ വരെ ക്ഷമയോടെ കാത്തിരിക്കാനുള്ള മര്യാദ സോണിയ ഗാന്ധി കാണിക്കണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.














