തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും കേരളത്തിന്റെ ക്രിക്കറ്റ് ഐക്കണ്‍ സഞ്ജു സാംസണും ഒന്നിച്ചെത്തിയ കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3യുടെ ഔദ്യോഗിക പ്രൊമോ ഫിലിം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഇരുവരുടെയും രസകരമായ സംഭാഷണമാണ് പ്രൊമോയുടെ പ്രധാന ആകര്‍ഷണം.
ടാക്സി ഡ്രൈവറായാണ് സഞ്ജു സാംസണ്‍ പ്രൊമോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഡ്രൈവര്‍ ആരാണെന്ന് ശ്രദ്ധിക്കാതെ മോഹന്‍ലാല്‍ ടാക്സിയില്‍ കയറുന്നതോടെയാണ് രസകരമായ രംഗങ്ങള്‍ക്ക് തുടക്കമാകുന്നത്. ഫോണില്‍ നോക്കിയിരിക്കുന്ന മോഹന്‍ലാലിനോട് സഞ്ജു ക്രിക്കറ്റിനെക്കുറിച്ച് ചോദിക്കുന്നതാണ് ആദ്യ സംഭാഷണം.
‘ചേട്ടന്‍ ക്രിക്കറ്റും കളിക്കുമോ?’ എന്ന സഞ്ജുവിന്റെ ചോദ്യത്തിന് സെലിബ്രിറ്റി ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന കാര്യം ഓര്‍മിപ്പിച്ചാണ് മോഹന്‍ലാല്‍ മറുപടി നല്‍കുന്നത്. തുടര്‍ന്ന് ‘ഈ സഞ്ജുവിനെയൊക്കെ അറിയോ?’ എന്ന ചോദ്യത്തിന്, സഞ്ജുവിനെ രാജസ്ഥാന്‍ ടീമില്‍നിന്ന് ചെന്നൈയിലേക്ക് കൊണ്ടുവന്നത് താനാണെന്ന തരത്തിലുള്ള രസകരമായ മറുപടിയാണ് മോഹന്‍ലാല്‍ നല്‍കുന്നത്.
ഇതിനിടെ സഞ്ജു തിരിഞ്ഞുനോക്കുന്നതോടെ മോഹന്‍ലാല്‍ ആളെ തിരിച്ചറിയുന്നു. തുടര്‍ന്ന് ‘അപ്പോ എങ്ങനെയാ പോവല്ലേ ചേട്ടാ?’ എന്ന സഞ്ജുവിന്റെ ചോദ്യത്തിന് ‘വണ്ടി വിട് മോനെ, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക്’ എന്ന മോഹന്‍ലാലിന്റെ ഡയലോഗോടെയാണ് പ്രൊമോ അവസാനിക്കുന്നത്.
പ്രൊമോ പുറത്തുവരുന്നതിന് മുമ്പ് തന്നെ മോഹന്‍ലാലിനൊപ്പമുള്ള സഞ്ജുവിന്റെ സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ‘വളരെ സവിശേഷമായ ഒരു കാര്യം വരുന്നുണ്ട്’ എന്നായിരുന്നു ടീം സാംസണ്‍ ചിത്രത്തിനൊപ്പം നല്‍കിയ അടിക്കുറിപ്പ്. ഇതിന് പിന്നാലെയാണ് സഞ്ജുവും മോഹന്‍ലാലും ഒന്നിച്ചുള്ള കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3യുടെ പ്രൊമോ പുറത്തുവന്നത്. ക്രിക്കറ്റ് ആരാധകര്‍ക്കിടയിലും മോഹന്‍ലാല്‍ ആരാധകര്‍ക്കിടയിലും ഒരുപോലെ ശ്രദ്ധ നേടുകയാണ് ഇരുവരും ഒന്നിച്ചുള്ള ഈ രസകരമായ പ്രൊമോ.















