ചെന്നൈ: സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ. തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഗുസിലിയാംപര തഹസീൽദാർ എം. അയ്യാസാമിക്കെതിരെയാണ് സർക്കാർ നടപടി സ്വീകരിച്ചത്.
സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ വില്ലേജ് അസിസ്റ്റന്റുമാർക്കും റവന്യൂ ഇൻസ്‌പെക്ടർമാർക്കും തഹസീൽദാർ നിർദേശം നൽകിയിരുന്നു. ഓഗസ്റ്റ് 18നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വൈകുന്നേരത്തിന് മുൻപ് വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും വീഴ്ച വരുത്തിയാൽ നടപടി നേരിടേണ്ടിവരുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി റവന്യൂ അഡ്മിനിസ്ട്രേഷൻ കമ്മിഷണർക്ക് മുൻപാകെ ഹാജരാകാനും അയ്യാസാമിക്ക് നിർദേശം നൽകിയിട്ടുണ്ട്.
തഹസീൽദാർ എന്തിനാണ് ഇത്തരമൊരു ഉത്തരവ് നൽകിയതെന്ന് അറിയില്ലെന്ന് തമിഴ്‌നാട് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം പ്രതികരിച്ചു. തഹസീൽദാറിന്റെ ഉത്തരവിന്റെ പശ്ചാത്തലവും ലക്ഷ്യവും സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.