തിരുവനന്തപുരം: മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്‌ക്കുന്ന വിഭജന രാഷ്‌ട്രീയം കേരളത്തിൽ ഒരിക്കലും അനുവദിക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. വന്ദേമാതരം ദേശീയഗാനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സ്വീകരിക്കുന്ന നിലപാട് രാഷ്‌ട്രീയ പ്രീണനത്തിന്റെയും വർഗീയ ധ്രുവീകരണത്തിന്റെയും ഭാഗമാണെന്നും ബിജെപി ആരോപിച്ചു.
വന്ദേമാതരം ദേശീയഗീതമാണ്. അത് ആലപിക്കണമെന്നത് പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വന്ദേമാതരം ആലപിക്കില്ലെന്ന് മുസ്ലീം ലീഗിന് എങ്ങനെ പറയാനാകുമെന്നും ബിജെപി ചോദിച്ചു.
രാഷ്‌ട്രീയ നേട്ടത്തിനായി നടത്തുന്ന ഇത്തരം വർഗീയ ധ്രുവീകരണവും പ്രീണന രാഷ്‌ട്രീയവും കേരളത്തിന്റെ സാമൂഹിക ഐക്യത്തെ തകർക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകി. വിഭജന രാഷ്‌ട്രീയം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ കേരളത്തിന്റെ ആഗോള ‘ബ്രാൻഡ് വാല്യു’ കുറയ്‌ക്കും. ഇത് കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും എത്തിക്കുന്നതിനെയും ബാധിക്കും. വ്യവസായ പദ്ധതികൾ ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാകുകയും സംസ്ഥാനത്തിന്റെ വ്യവസായ വളർച്ച മുരടിക്കുകയും ചെയ്യും.
നിക്ഷേപങ്ങൾ കുറയുന്നതോടെ വ്യവസായ സംരംഭങ്ങൾ പ്രതിസന്ധിയിലാകുകയും സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സുകൾ ദുർബലമാകുകയും ചെയ്യും. ദൈനംദിന ആവശ്യങ്ങൾക്കുപോലും കൂടുതൽ കടമെടുക്കേണ്ട സാഹചര്യം ഇതിലൂടെ ഉണ്ടാകും. തൊഴിലവസരങ്ങൾ കുറയുന്നതോടെ അഭ്യസ്തവിദ്യരായ കേരളത്തിലെ യുവാക്കൾ മെച്ചപ്പെട്ട ജീവിതം തേടി വിദേശ രാജ്യങ്ങളിലേക്ക് കൂട്ടത്തോടെ കുടിയേറാൻ നിർബന്ധിതരാകും.
വിഭജന രാഷ്‌ട്രീയത്തിന്റെ പേരിൽ കേരളത്തിന്റെ സാമൂഹിക ഐക്യവും സാമ്പത്തിക ഭാവിയും തകർക്കാൻ അനുവദിക്കില്ല. ഈ അപകടകരമായ രാഷ്‌ട്രീയം തുടർന്നാൽ വാർദ്ധക്യം ബാധിച്ച, സാമ്പത്തികമായി തകർന്ന സംസ്ഥാനമായി കേരളം മാറും. വികസനവും നിക്ഷേപവും തൊഴിലവസരങ്ങളും ഉറപ്പാക്കുന്ന രാഷ്‌ട്രീയമാണ് കേരളത്തിന് ആവശ്യമെന്നും മതപ്രീണനത്തിനും വർഗീയ ധ്രുവീകരണത്തിനും പകരം എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന രാഷ്‌ട്രീയമാണ് മുന്നോട്ടുപോകേണ്ടതെന്നും ബിജെപി വ്യക്തമാക്കി.