തൃപ്പൂണിത്തുറ: അത്തം ഘോഷയാത്രയിലെ കാഴ്ചക്കാരെ അമ്പരപ്പിച്ച നിശ്ചലദൃശ്യമായിരുന്നു പാഞ്ചാലി വസ്ത്രാക്ഷേപം. പാഞ്ചാലിക്ക് വസ്ത്രം നൽകുന്ന രീതിയിൽ ആകാശത്ത് ഉയർന്നുനിന്ന കൃഷ്ണനെ കണ്ട് കാണികൾ കൗതുകത്തിലായി. ഐരേറ്റിൽ ബ്രദേഴ്സിന്റെ ഈ നിശ്ചലദൃശ്യത്തിനാണ് ഇത്തവണ ഒന്നാം സമ്മാനം.
ആകാശത്ത് കൃഷ്ണൻ നിൽക്കുന്നതിന് പിന്നിലെ രഹസ്യം എന്തെന്ന ചോദ്യത്തിനാണ് ദൃശ്യത്തിന് പിന്നിൽ പ്രവർത്തിച്ച വെൽഡിങ് വർക്ക്‌ഷോപ്പ് ഉടമ ദിനേശ് കുമാർ മറുപടി നൽകുന്നത്. കൃത്യമായ പ്ലാനിങ്ങും സുരക്ഷാ മുൻകരുതലുകളും ഉപയോഗിച്ചാണ് ഈ വിസ്മയക്കാഴ്ച ഒരുക്കിയത്.
ലോറിയുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് 3 ഇഞ്ച് വീതിയും 1.5 ഇഞ്ച് കനവുമുള്ള രണ്ട് ഇരുമ്പ് ട്യൂബുകൾ മുകളിലേക്ക് ഉയർത്തി വെൽഡ് ചെയ്തു. ഇതിൽനിന്നാണ് കൈയുടെ ആകൃതിയിലുള്ള ഇരുമ്പ് ഘടന ഒരുക്കിയത്. ഷോൾഡർ ഭാഗത്തുനിന്ന് താഴേക്ക് കാലുകൾ വരെ ഒരിഞ്ചിന്റെ രണ്ട് സ്ക്വയർ ട്യൂബുകൾ ഉപയോഗിച്ച് വീണ്ടും വെൽഡ് ചെയ്ത് ബന്ധിപ്പിച്ചു. കൃഷ്ണനായി വേഷമിട്ട നിഖിൽ സത്യന്റെ കൃത്യമായ ശരീര അളവെടുത്താണ് പ്ലേറ്റുകൾ മുറിച്ച് വെൽഡിങ് പൂർത്തിയാക്കിയത്. ഇരുമ്പ് നിർമിതികളെ പൂർണമായും സാരി ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ഉപയോഗിച്ച് മറച്ചതോടെ കാണികളുടെ കണ്ണിൽ പതിഞ്ഞത് വായുവിൽ നിൽക്കുന്ന കൃഷ്ണൻ മാത്രം.
60 കിലോ ഭാരമുള്ള കലാകാരൻ; സുരക്ഷയ്‌ക്ക് പ്രത്യേക ശ്രദ്ധ
ഏകദേശം 60 കിലോഗ്രാം ഭാരമുള്ള നിഖിൽ സത്യനെ വായുവിൽ നിർത്തുന്നതിന് മുമ്പ് നിരവധി ഘട്ടങ്ങളിലായി സുരക്ഷാ പരിശോധന നടത്തി. ഒന്നിലധികം ആളുകൾ ഘടനയിൽ തൂങ്ങിനോക്കിയും വാഹനം ഓടിച്ചും നിർത്തിയും കുലുക്കം പരിശോധിച്ചുമാണ് സുരക്ഷ ഉറപ്പാക്കിയത്. പരിശോധനകൾ പൂർത്തിയാക്കി ഘടന സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് നിഖിലിനെ അതിലേക്ക് കയറ്റിയത്.
അത്തം ഘോഷയാത്രയിൽ ആളുകളെ അമ്പരപ്പിക്കുന്ന നിശ്ചലദൃശ്യങ്ങൾ ഒരുക്കുന്നത് സംഘത്തിന് പുതിയ കാര്യമല്ല. മുൻ വർഷങ്ങളിലും സമാന രീതിയിലുള്ള ശ്രദ്ധേയമായ ദൃശ്യങ്ങൾ ഇവർ ഒരുക്കിയിട്ടുണ്ട്. കണ്ണൻ പണ്ടാത്തിൽ, സിബിൽ ജോബ്, ആർ. ശബരിനാഥ്, സുദേവ് വി. അനിൽകുമാർ, കെ.എസ്. പ്രണവ് തുടങ്ങിയവരാണ് വിവിധ നിശ്ചലദൃശ്യങ്ങളിൽ വേഷമിട്ടത്.
ടി. അരുൺ, അജയ് കൃഷ്ണൻ, അശ്വൻ ഭാസി, സിൽബിൻ ജോബ്, അജയ് രഘു, യദു ജയപ്രകാശ്, ഗൗതം കൃഷ്ണ, ബാബു പുളിമൂട്ടിൽ തുടങ്ങിയവരും ദൃശ്യത്തിന് പിന്നിൽ പ്രവർത്തിച്ചു. കാഴ്ചക്കാരെ അമ്പരപ്പിച്ച ‘ആകാശക്കാഴ്ച’യ്‌ക്ക് പിന്നിൽ മാസ്റ്റർ പ്ലാനിങ്ങും കൃത്യമായ എൻജിനീയറിങ് മികവുമാണെന്ന് ചുരുക്കത്തിൽ പറയാം.