തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ വിജയത്തുടക്കവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്. രണ്ടാം മത്സരത്തില്‍ ഏരീസ് കൊല്ലം സെയിലേഴ്സിനെ 31 റണ്‍സിന് തോല്‍പ്പിച്ചാണ് കൊച്ചി സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തപ്പോള്‍, മറുപടിക്കിറങ്ങിയ കൊല്ലത്തിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 58 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിന്‍ സുരേഷാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ടോസ് നേടിയ കൊല്ലം സെയിലേഴ്സ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കൊച്ചിക്കായി വിനൂപ് മനോഹരനും വിപുല്‍ ശക്തിയും ഇന്നിങ്സ് തുറന്നു. ഇരുവരും ചേര്‍ന്ന് 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിനൂപ് 37 റണ്‍സെടുത്തപ്പോള്‍ വിപുല്‍ ശക്തി 12 റണ്‍സുമായി മടങ്ങി. തുടര്‍ന്ന് ജോബിന്‍ ജോബി (7), മനുകൃഷ്ണന്‍ (13), സാലി സാംസണ്‍ (8) എന്നിവര്‍ അധികം വൈകാതെ പുറത്തായതോടെ കൊച്ചി പ്രതിസന്ധിയിലായി.
കൊച്ചി തകര്‍ച്ചയിലേക്ക് നീങ്ങുന്നതിനിടെ സച്ചിന്‍ സുരേഷും കാര്‍ത്തിക് ബി. നായരും ക്രീസില്‍ ഒന്നിച്ചതോടെ മത്സരത്തിന്റെ ഗതി മാറി. അവസാന അഞ്ച് ഓവറില്‍ ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 78 റണ്‍സ്. വെറും 32 പന്തില്‍ 58 റണ്‍സുമായി സച്ചിന്‍ പുറത്താകാതെ നിന്നു. മൂന്ന് ഫോറും അഞ്ച് സിക്സും ഉള്‍പ്പെട്ടതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്. 28 പന്തിലാണ് സച്ചിന്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്.
കാര്‍ത്തിക് ബി. നായര്‍ 17 പന്തില്‍ പുറത്താകാതെ 38 റണ്‍സെടുത്തു. ഒരു ഫോറും നാല് സിക്സുമായിരുന്നു കാര്‍ത്തിക്കിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. ഇതോടെ 20 ഓവറില്‍ കൊച്ചി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെന്ന മികച്ച സ്‌കോറിലെത്തി. 190 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്ലത്തിന് അഭിഷേക് നായരും ആനന്ദ് കൃഷ്ണനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. 15 റണ്‍സെടുത്ത ആനന്ദ് കൃഷ്ണനെ കെ.എം. ആസിഫിന്റെ പന്തില്‍ സാലി സാംസണ്‍ പിടിച്ച് പുറത്താക്കി.
തുടര്‍ന്ന് ക്യാപ്റ്റന്‍ വത്സല്‍ ഗോവിന്ദും അഭിഷേക് നായരും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേര്‍ന്ന് 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ അടുത്തടുത്ത ഇടവേളകളില്‍ ഇരുവരും പുറത്തായതോടെ കൊല്ലത്തിന്റെ വിജയപ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. അഭിഷേക് നായര്‍ 55 റണ്‍സും വത്സല്‍ ഗോവിന്ദ് 32 റണ്‍സും നേടി. അജിനാസ് (7), സച്ചിന്‍ പി.എസ്. (7), അമല്‍ എ.ജി. (3) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. അവസാന ഓവറുകളില്‍ ഷറഫുദ്ദീന്‍ കൂറ്റന്‍ ഷോട്ടുകളുമായി പൊരുതിയെങ്കിലും കൊല്ലത്തിന് വിജയത്തിലേക്ക് എത്താനായില്ല.
28 റണ്‍സുമായി ഷറഫുദ്ദീന്‍ പുറത്താകാതെ നിന്നു. ഒടുവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കൊല്ലത്തിന്റെ സ്‌കോര്‍ 158 റണ്‍സില്‍ അവസാനിച്ചു. കൊച്ചിക്കായി കെ.എം. ആസിഫും മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ബാറ്റിങ്ങിലെ സച്ചിന്‍ സുരേഷിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ബൗളര്‍മാരും കൃത്യമായി പന്തെറിഞ്ഞതോടെ കൊച്ചി ബ്ലൂ ടൈഗേഴ്സ് 31 റണ്‍സിന്റെ ആധികാരിക വിജയം സ്വന്തമാക്കി.















