ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണവിധേയരായ എസ്എഫ്‌ഐഒ, ഇഡി അന്വേഷണങ്ങളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ദുരൂഹമായ മൗനം പാലിക്കുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍. പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ധാരണയുടെ ഭാഗമാണെന്ന് നേരത്തെ ആരോപിച്ച സതീശന്‍, ഇഡി അന്വേഷണം ശക്തമായി മുന്നോട്ടുപോകുകയും ഗുരുതരമായ കണ്ടെത്തലുകള്‍ പുറത്തുവരികയും ചെയ്തിട്ടും മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രതികരിക്കുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
കേസ് ശരിയായ രീതിയില്‍ മുന്നോട്ടുപോയാല്‍ പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും പുറമെ യുഡിഎഫിലെ പ്രമുഖ നേതാക്കളും അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന ആശങ്കയാണ് സതീശന്റെ മൗനത്തിന് കാരണമെന്നാണ് ബിജെപിയുടെ നിലപാടെന്നും സുരേന്ദ്രന്‍ പറഞ്ഞു. കരിമണല്‍ കര്‍ത്ത യുഡിഎഫിലെയും എല്‍ഡിഎഫിലെയും നേതാക്കള്‍ക്ക് കോടിക്കണക്കിന് രൂപ കോഴയായി നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങള്‍ പോലും കരിമണല്‍ കമ്പനിയില്‍നിന്ന് തുടര്‍ച്ചയായി കോഴ വാങ്ങിയിരുന്നുവെന്നാണ് ആരോപണം. ഈ വിവരങ്ങള്‍ പുറത്തുവരുമെന്ന ഭയമാണ് സതീശന്റെ മൗനത്തിന് പിന്നിലെന്നും സുരേന്ദ്രന്‍ പറഞ്ഞു.