പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

Published by
ജനം വെബ്‌ഡെസ്ക്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന ശക്തമായ നിലയില്‍. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് സെഞ്ചുറിയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. ദിനം അവസാനിക്കുമ്പോള്‍ ധ്രുവ് ജുറേല്‍ 7 റണ്‍സുമായും അരങ്ങേറ്റക്കാരന്‍ സാരാംശ് ജെയിന്‍ 4 റണ്‍സുമായും ക്രീസിലുണ്ട്.

168 പന്തില്‍ 10 ഫോറുകളോടെയാണ് പടിക്കല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 91 റണ്‍സില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ നേടി 99ലെത്തിയ താരം പിന്നീട് സിംഗിളിലൂടെ ശതകം തികച്ചു. ഒടുവില്‍ 193 പന്തില്‍ 117 റണ്‍സ് നേടി പുറത്തായി. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലും സെഞ്ചുറി നേടിയ പടിക്കലിന്റെ കരിയറിലെ നാലാം ടെസ്റ്റിലെ രണ്ടാം ശതകമാണിത്.

ഗില്ലും പടിക്കലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇന്ത്യയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയത്. ഗില്‍ 108 പന്തില്‍ ആറ് ഫോറുകളോടെ 50 റണ്‍സെടുത്തു. യശസ്വി ജയ്‌സ്വാള്‍ 45 റണ്‍സും രവീന്ദ്ര ജഡേജ 43 റണ്‍സും നേടി. കെ.എല്‍. രാഹുല്‍ 18 റണ്‍സിന് പുറത്തായി. ഋഷഭ് പന്ത് മൂന്ന് റണ്‍സില്‍ നില്‍ക്കെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി.

ശ്രീലങ്കയ്‌ക്കായി അസിത ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ലഹിരു കുമാരയും കേശര നുവന്തയും ഓരോ വിക്കറ്റ് വീതം നേടി. രണ്ടാം ദിനത്തില്‍ കൂടുതല്‍ റണ്‍സ് ചേര്‍ത്ത് വലിയ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ സ്വന്തമാക്കുകയെന്നതായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.

Share