ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Published by
ജനം വെബ്‌ഡെസ്ക്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെ വധിക്കാൻ 10 മില്യൺ ഡോളർ, അതായത് ഏകദേശം 95 കോടി രൂപ, പാരിതോഷികം പ്രഖ്യാപിച്ച്  ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ബന്ധമുള്ള മാധ്യമമാണ് ഭീഷണി ഉയർത്തുന്ന വീഡിയോ തയ്യാറാക്കിയത്. ഇറാൻ സ്റ്റേറ്റ് ടെലിവിഷന്റെ ചാനൽ 3-ലാണ് വീഡിയോ സംപ്രേഷണം ചെയ്തതെന്നാണ് റിപ്പോർട്ട്.

‘Where to Kill Barron Trump’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തുവന്നത്. 20 വയസുള്ള ബാരൺ ട്രംപിന്റെ സഞ്ചാരവും മറ്റ് വിവരങ്ങളും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. ബാരൺ ട്രംപിന്റെ നീക്കങ്ങൾ പൂർണമായി നിരീക്ഷിക്കുന്നുണ്ടെന്നും വീഡിയോയിൽ അവകാശപ്പെടുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഒരു യുവതി ഒരിക്കൽ ബാരണിനൊപ്പം സ്വകാര്യ കൂടിക്കാഴ്ചയിൽ ഇരുന്നുവെന്നും വീഡിയോയിൽ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് അകന്നിരിക്കുമ്പോൾ Xbox വഴി ബാരൺ വോയ്സ്, ടെക്സ്റ്റ് സന്ദേശങ്ങൾ കൈമാറാറുണ്ടെന്നും ഈ അക്കൗണ്ടുകളൊക്കെ നിരീക്ഷണത്തിലാണെന്നും വീഡിയോയിൽ പറയുന്നു.

മെലാനിയ ട്രംപിനും നേരത്തെ ഭീഷണി
ബാരൺ ട്രംപിനെതിരായ ഭീഷണിക്ക് മുമ്പും ഇറാൻ സ്റ്റേറ്റ് ടെലിവിഷനിൽ മെലാനിയ ട്രംപിനെ ലക്ഷ്യമിട്ട് വീഡിയോ പുറത്തുവന്നിരുന്നു. ‘Where to Kill Melania’ എന്നായിരുന്നു വീഡിയോയുടെ പേര്.

മെലാനിയയുടെ യാത്രകളും ന്യൂയോർക്കിലെ വിവിധ സ്ഥലങ്ങളിലെ സന്ദർശനങ്ങളും വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. അവർ സന്ദർശിക്കാറുള്ള ആഡംബര വസ്ത്രശാലകളെക്കുറിച്ചും വീഡിയോയിൽ പരാമർശിച്ചിരുന്നു.   മെലാനിയ ട്രംപിനും ബാരൺ ട്രംപിനും 24 മണിക്കൂറും യുഎസ് സീക്രട്ട് സർവീസിന്റെ സുരക്ഷയുണ്ട്.

ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ ഭീഷണി പുറത്തുവന്നിരിക്കുന്നത്. ഇറാൻ തകർച്ചയുടെ വക്കിലാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇറാനെതിരെ കൂടുതൽ സാമ്പത്തിക സമ്മർദ്ദം ഏർപ്പെടുത്താനുള്ള നടപടികൾ അമേരിക്ക പ്രഖ്യാപിക്കാനിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

ഇറാനെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് അമേരിക്ക നൽകിയിട്ടുണ്ട്. അതേസമയം, അമേരിക്കയുടെ പുതിയ നീക്കങ്ങൾ സൈനിക പരാജയത്തിന്റെ സമ്മതപത്രമാണെന്ന് ഇറാൻ പ്രതികരിച്ചു

Share