കാഠ്മണ്ഡു: ടിബറ്റന്‍ അതിര്‍ത്തിക്ക് സമീപം നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നേപ്പാള്‍ പൊലീസ് അറിയിച്ചു.105 ഇന്ത്യക്കാരടക്കം 400 വിദേശികളെയാണ് കാണാതായതെന്നാണ് നേപ്പാള്‍ ടൂറിസം അധികൃതരുടെ കണക്ക്. ആകെ കാണാതായവരുടെ എണ്ണം നാനൂറിനടുത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ പ്രളയത്തില്‍ റസുവ ജില്ലയിലെ തിമുരെ, സ്യാബ്രുബെസി മേഖലകളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്.
നിരവധി ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും പ്രളയത്തില്‍ ഒലിച്ചുപോയി. നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. നേപ്പാളില്‍ നിന്നുള്ള നദികളില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ഉത്തര്‍പ്രദേശിലും ബിഹാറിലും അധികൃതര്‍ ജാഗ്രത ശക്തമാക്കി. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ അടിയന്തര യോഗങ്ങള്‍ വിളിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി.
നേപ്പാളില്‍നിന്ന് ബിഹാറിലേക്ക് ഒഴുകിയെത്തുന്ന പ്രധാന നദികളാണ് ഗണ്ഡക്, കോസി എന്നിവ. ഹിമാലയന്‍ മേഖലയിലും ടിബറ്റിലും ഉത്ഭവിക്കുന്ന ഈ നദികളിലെ ജലനിരപ്പ് ഉയരുന്നത് ബിഹാറിലെ താഴ്ന്ന പ്രദേശങ്ങളില്‍ ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്. പ്രളയത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിച്ചു. ദുരന്തത്തില്‍ നേപ്പാള്‍ ജനതയ്‌ക്കൊപ്പം ഇന്ത്യ ഉറച്ചുനില്‍ക്കുമെന്നും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്നും മോദി വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ സംഘങ്ങള്‍ നേപ്പാളിനൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നേപ്പാള്‍ ടൂറിസം അധികൃതരുടെ കണക്കുപ്രകാരം കാണാതായ 291 വിദേശികളില്‍ 105 പേര്‍ ഇന്ത്യക്കാരാണ്. ഇവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. ഇന്ത്യന്‍ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി അടിയന്തര ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍:
+977 985 131 6807
+977 970 910 7500
രക്ഷാപ്രവര്‍ത്തനം തുടരുന്നതിനാല്‍ മരണസംഖ്യയും കാണാതായവരുടെ എണ്ണവും ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.