കാഠ്മണ്ഡു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തി മേഖലയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും മരണം 157 ആയി. ഒരു കുട്ടിയുള്‍പ്പെടെയുള്ളവരാണ് മരിച്ചതെന്നാണ് നേപ്പാള്‍ പൊലീസിന്റെ കണക്ക്. ദുരന്തത്തില്‍ 750ലേറെ പേരെ കാണാതായതായാണ് വിവരം. കാണാതായവരില്‍ കൈലാസ മാനസസരോവര്‍ തീര്‍ഥാടനത്തിനായി എത്തിയ ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
ദുരന്തത്തില്‍ ഇതുവരെ 157 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി നേപ്പാള്‍ പൊലീസ് അറിയിച്ചു. അപകടസാധ്യത കൂടുതലുള്ള മേഖലകളില്‍നിന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദുരന്തം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നിരവധി വിനോദസഞ്ചാരികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് നേപ്പാള്‍ ടൂറിസം മന്ത്രാലയം അറിയിച്ചു.
341 വിദേശികളടക്കം 403 വിനോദസഞ്ചാരികളെക്കുറിച്ച് വിവരമില്ലെന്നാണ് ടൂറിസം ബോര്‍ഡിന്റെ കണക്ക്. കാണാതായ വിദേശികളില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ ഓസ്ട്രേലിയ, ബ്രിട്ടന്‍, മലേഷ്യ, നെതര്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്.
ചെളിയിലും അവശിഷ്ടങ്ങള്‍ക്കിടയിലും കുടുങ്ങിയവരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തകര്‍ രാത്രി വൈകിയും തിരച്ചില്‍ നടത്തി. ദുരന്തബാധിത മേഖലകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ വിന്യസിച്ചതായി നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു. ടിബറ്റ് ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന ഭോട്ടെ കോശി നദിയില്‍ രാവിലെ ഒമ്പതോടെയാണ് അപ്രതീക്ഷിതമായി വന്‍ ജലപ്രവാഹമുണ്ടായത്. ഇതോടെ നദീതീര മേഖലകളില്‍ മിന്നല്‍പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകുകയായിരുന്നു.
ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന രസുവ, ധാഡിങ്, നുവാകോട്ട് ജില്ലകളെയാണ് ദുരന്തം ഏറ്റവും രൂക്ഷമായി ബാധിച്ചത്. നിരവധി ഉള്‍നാടന്‍ ഗ്രാമങ്ങള്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞു. വീടുകള്‍ക്കും റോഡുകള്‍ക്കും പാലങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഉള്‍പ്പെടെ വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.