റഷ്യയില്‍ ഗ്യാസ് കെമിക്കല്‍ പ്ലാന്റില്‍ വന്‍ തീപ്പിടിത്തവും സ്ഫോടനവും; ഏഴുപേര്‍ മരിച്ചു, 9 പേരെ കാണാനില്ല; 152 പേര്‍ക്ക് പരിക്ക്

Published by
ജനം വെബ്‌ഡെസ്ക്

മോസ്‌കോ: റഷ്യയില്‍ ഉദ്ഘാടനം നടക്കാനിരുന്ന വന്‍ ഗ്യാസ് കെമിക്കല്‍ കോംപ്ലക്സില്‍ തീപ്പിടിത്തവും സ്ഫോടനവും. അപകടത്തില്‍ ആറ് ചൈനീസ് പൗരന്മാരുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ഒന്‍പത് പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. 152 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 36 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. റഷ്യയിലെ ഫാര്‍ ഈസ്റ്റേണ്‍ അമുര്‍ മേഖലയിലെ അമുര്‍ ഗ്യാസ് കെമിക്കല്‍ പ്ലാന്റിലാണ് അപകടമുണ്ടായത്.

തീപ്പിടിത്തത്തെ തുടര്‍ന്ന് പ്ലാന്റില്‍നിന്ന് വന്‍ തീജ്വാലകളും കറുത്ത പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനായി റഷ്യന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. വ്യാവസായിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. റഷ്യന്‍ പെട്രോകെമിക്കല്‍ കമ്പനിയായ സിബൂറും ചൈനീസ് കമ്പനിയായ സിനോപെക്കും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് അമുര്‍ ഗ്യാസ് കെമിക്കല്‍ പ്രോജക്ട്.

ഏകദേശം 10 ബില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്ന പ്ലാന്റ് ലോകത്തിലെ ഏറ്റവും വലിയ പോളിഎഥിലീന്‍, പോളിപ്രൊഫൈലിന്‍ നിര്‍മാണ കേന്ദ്രങ്ങളിലൊന്നായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് ഒരുക്കുന്നത്. പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ പ്രതിവര്‍ഷം 23 ലക്ഷം ടണ്‍ പോളിഎഥിലീനും നാല് ലക്ഷം ടണ്‍ പോളിപ്രൊഫൈലീനും ഉത്പാദിപ്പിക്കാന്‍ പ്ലാന്റിന് ശേഷിയുണ്ടാകും. സമീപത്തെ അമുര്‍ ഗ്യാസ് പ്രോസസിങ് പ്ലാന്റില്‍നിന്നാണ് പദ്ധതിക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്നത്.

പ്രതിവര്‍ഷം 20 ലക്ഷം ടണ്‍ ഈഥെയ്‌നും 15 ലക്ഷം ടണ്‍ എല്‍പിജിയും എത്തിച്ച് പ്ലാസ്റ്റിക് നിര്‍മാണത്തിനാവശ്യമായ ഉത്പന്നങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. 325 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന സമുച്ചയത്തിലൂടെ ഏകദേശം 1,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 2016ല്‍ എന്‍ജിനീയര്‍മാരുടെ പരിശീലനത്തോടെ ആരംഭിച്ച പദ്ധതി 2024ലാണ് കമ്മിഷനിങ് ഘട്ടത്തിലേക്ക് കടന്നത്. ഉദ്ഘാടനം നടക്കാനിരിക്കെയാണ് വന്‍ അപകടമുണ്ടായത്.

Share