വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

Published by
ജനം വെബ്‌ഡെസ്ക്

തിരൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തിരൂര്‍ വെട്ടം പരിയാപുരം കോവളം സ്വദേശി നടക്കായിപ്പറമ്പില്‍ അബ്ദുള്‍ ജബ്ബാറിന്റെ മകന്‍ ഐസാമിനാണ് പരിക്കേറ്റത്. ആക്രമണത്തില്‍ കുട്ടിയുടെ കൈയ്‌ക്കും കാലിനും പരിക്കേറ്റു. കൈയിലെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ കടിച്ച് വീഴ്‌ത്തുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയെ ഉടന്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം കുട്ടിയെ വിട്ടയച്ചെങ്കിലും കൈയില്‍ സാരമായ പരിക്കുള്ളതിനാല്‍ ഞായറാഴ്ചയോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി വീട്ടുകാര്‍ പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സമീപപ്രദേശമായ കാനൂരിലും മൂന്ന് പേര്‍ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. തുടര്‍ച്ചയായ നായ ആക്രമണങ്ങളില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.

തെരുവുനായ ശല്യത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം സി. സമദ് ആവശ്യപ്പെട്ടു.

Share