ന്യൂഡൽഹി: കരസേനയ്‌ക്കായി അമേരിക്കയിൽനിന്ന് അത്യാധുനിക ജാവലിൻ ടാങ്ക്‌വേധ മിസൈലുകൾ വാങ്ങാൻ ഭാരതം. അമേരിക്കൻ വിദേശ സൈനിക വിൽപ്പന നടപടിക്രമത്തിലൂടെയാണ് മിസൈലുകൾ സ്വന്തമാക്കാനുള്ള നീക്കം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാകുന്നതിന്റെ പ്രതിഫലനമാണ് പുതിയ കരാറെന്ന് രാജ്യത്തെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി.
ജാവലിൻ മിസൈലുകൾ വാങ്ങുന്നതിനായി ഇന്ത്യൻ കരസേന ലെറ്റർ ഓഫ് ഓഫർ ആൻഡ് അക്‌സപ്റ്റൻസ് (LOA) ഒപ്പുവെച്ചതായി അമേരിക്ക സ്ഥിരീകരിച്ചു. ഈ നീക്കത്തെ അമേരിക്ക സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ കരാറിന്റെ സാമ്പത്തിക മൂല്യമോ ഇന്ത്യ വാങ്ങുന്ന ജാവലിൻ മിസൈലുകളുടെ എണ്ണമോ സംബന്ധിച്ച വിശദാംശങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല.
ആധുനിക മധ്യദൂര ‘ഫയർ ആൻഡ് ഫോർഗെറ്റ്’ ടാങ്ക്‌വേധ ഗൈഡഡ് മിസൈലാണ് ജാവലിൻ. ലക്ഷ്യം തിരിച്ചറിഞ്ഞതിന് ശേഷം അതിലേക്ക് സ്വയം മാർഗനിർദേശം ചെയ്ത് ആക്രമിക്കാൻ കഴിയുന്ന സംവിധാനമാണ് ‘ഫയർ ആൻഡ് ഫോർഗെറ്റ്’ സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷത.
ശത്രുസേനയുടെ ടാങ്കുകളും മറ്റ് കവചിത വാഹനങ്ങളും നേരിടുന്നതിൽ കരസേനയുടെ ശേഷി വർധിപ്പിക്കാൻ ജാവലിൻ മിസൈലുകൾക്ക് നിർണായക പങ്കുവഹിക്കാനാകും. അതിർത്തി മേഖലകളിലെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങൾക്കിടെയാണ് ഇന്ത്യയുടെ പുതിയ പ്രതിരോധ നീക്കം.
അമേരിക്കൻ പ്രതിരോധ കമ്പനികളായ RTX-യും ലോക്ക്ഹീഡ് മാർട്ടിനും ചേർന്നുള്ള സംയുക്ത സംരംഭമാണ് ജാവലിൻ മിസൈലുകൾ നിർമിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം കൂടുതൽ ആഴത്തിലാകുന്നതിന്റെ സൂചന കൂടിയാണ് കരസേനയ്‌ക്കായി ജാവലിൻ മിസൈലുകൾ വാങ്ങാനുള്ള തീരുമാനം.