പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

Published by
ജനം വെബ്‌ഡെസ്ക്

തൃശൂർ: ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ച് തൃശൂർ നഗരത്തിൽ ഇന്ന് പുലിക്കളി. വൈകിട്ട് നാലുമണിയോടെ സ്വരാജ് റൗണ്ടിലെ ബിനി ജങ്ഷനിൽ മന്ത്രി ഒ.ജെ. ജനീഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ പുലിക്കളിക്ക് തുടക്കമാകും. പുലിക്കളിയോടനുബന്ധിച്ച് ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ട് മുതൽ തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ വാഹന പാർക്കിങ് അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങൾക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 30ഓളം പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇവിടങ്ങളിലെ പാർക്കിങ് സൗകര്യം ഉപയോഗിക്കാം.

പുലിക്കളിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾക്ക് പ്രത്യേക സർവീസ് റൂട്ടുകളും നിശ്ചയിച്ചിട്ടുണ്ട്. മണ്ണുത്തി ഭാഗത്തുനിന്ന് വരുന്ന ബസുകൾ പുളിക്കൻ മാർക്കറ്റ് സെന്ററിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുന്ന് മാർ അപ്രേം, ഫാത്തിമ നഗർ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്‌സ്, കാട്ടൂക്കാരൻ ജങ്ഷൻ, ശവക്കോട്ട, ഫാത്തിമ നഗർ ജങ്ഷൻ വഴി സർവീസ് നടത്തണം.

മണ്ണുത്തി ഭാഗത്തുനിന്ന് വടക്കേ സ്റ്റാൻഡിലേക്ക് പോകുന്ന ബസുകൾ കിഴക്കേ കോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പെൻഷൻമൂല, അശ്വനി ജങ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജങ്ഷൻ വഴി സർവീസ് നടത്തണം.

മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗങ്ങളിൽനിന്നുള്ള ബസുകൾ ഐ.ടി.സി ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിക്കണം. തുടർന്ന് മിഷൻ ക്വാർട്ടേഴ്‌സ്, ഫാത്തിമ നഗർ ജങ്ഷൻ വഴി സർവീസ് നടത്തണം.

ഒമ്പത് സംഘങ്ങൾ, 450ഓളം പുലികൾ

ഓണാഘോഷത്തിന് സമാപനം കുറിക്കുന്ന പുലിക്കളിയിൽ ഇത്തവണ ഒമ്പത് സംഘങ്ങളിലായി 450ഓളം പുലികളാണ് നഗരവീഥികളിൽ ഇറങ്ങുന്നത്. ഉച്ചയ്‌ക്ക് രണ്ടുമണിയോടെ വിവിധ ദേശങ്ങളിൽ നിന്നുള്ള പുലിക്കളി യാത്രകൾ ആരംഭിക്കും. തുടർന്ന് വൈകിട്ട് നാലുമണിയോടെ സ്വരാജ് റൗണ്ടിലെ ബിനി ജങ്ഷനിൽ നിന്ന് ഔദ്യോഗിക ഫ്ലാഗ് ഓഫ് നടക്കും.

വൈവിധ്യമാർന്ന വേഷങ്ങളും ചുവടുകളുമായി പുലികൾ സ്വരാജ് റൗണ്ടിൽ അണിനിരക്കുന്നതോടെ തൃശൂർ നഗരം ആവേശത്തിലാകും. രാത്രി പത്തുമണിയോടെ പുലിക്കളി ആഘോഷവും വിധിനിർണയവും പൂർത്തിയാകും.

പുലിക്കളി കാണാനെത്തുന്നവരും നഗരത്തിലൂടെ യാത്ര ചെയ്യുന്നവരും ഗതാഗത നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ പൊതുജനങ്ങൾ സാധ്യമെങ്കിൽ ബദൽ യാത്രാമാർഗങ്ങൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

Share