വാഷിങ്ടൺ: ആഗോള എണ്ണവിപണിയിൽ നിർണായക നീക്കവുമായി അമേരിക്ക. വെനസ്വേലയുമായി ലോകചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇടപാടിൽ ഒപ്പിടാൻ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. കരാർ യാഥാർഥ്യമായാൽ വെനസ്വേലയുടെ 65 ബില്യൺ ബാരലിലധികം വരുന്ന ക്രൂഡ് ഓയിൽ ശേഖരത്തിന്റെ ഭൂരിഭാഗവും അമേരിക്കൻ നിയന്ത്രണത്തിലാകുമെന്നാണ് ട്രംപിന്റെ അവകാശവാദം.
സാമൂഹിക മാധ്യമത്തിലൂടെയാണ് ട്രംപ് കരാർ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. “ലോകചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇടപാടിൽ വെനസ്വേലയുമായി അമേരിക്ക ഒരു കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്” എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് എന്നിവർ ചേർന്നാണ് കരാർ സംബന്ധിച്ച ചർച്ചകൾ നടത്തി ധാരണയിലെത്തിയതെന്നും ട്രംപ് വ്യക്തമാക്കി.
കരാറിലൂടെ അമേരിക്കയുടെ എണ്ണശേഖരം ഇരട്ടിയിലധികമായി ഉയരുമെന്നാണ് ട്രംപ് പറയുന്നത്. ഇതിന്റെ ഫലമായി രാജ്യത്തെ ഇന്ധനവില കുത്തനെ കുറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വെനസ്വേലയുടെ സാമ്പത്തിക മേഖലയ്‌ക്കും കരാർ വലിയ ഉണർവേകുമെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടി അമേരിക്കയിലെത്തിച്ചതിന് പിന്നാലെ വെനസ്വേലൻ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എണ്ണ മേഖലയിൽ ഔദ്യോഗിക നിയന്ത്രണം ഉറപ്പാക്കുന്ന തരത്തിലുള്ള കരാറിന് ധാരണയായതെന്നാണ് റിപ്പോർട്ട്.
വെനസ്വേല ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്നാണ്. യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച് രാജ്യത്തിന്റെ ഭൂഗർഭത്തിൽ ഏകദേശം 303 ബില്യൺ ബാരൽ അസംസ്കൃത എണ്ണശേഖരമുണ്ട്. ലോകത്തെ ആകെ എണ്ണശേഖരത്തിന്റെ ഏകദേശം 17 ശതമാനത്തോളം വരുന്നതാണ് ഇത്.
അതിനാൽ തന്നെ വെനസ്വേലൻ എണ്ണമേഖലയിൽ അമേരിക്കയ്‌ക്ക് കൂടുതൽ നിയന്ത്രണം ലഭിക്കുന്നത് ആഗോള ഊർജരാഷ്‌ട്രീയത്തിലും എണ്ണവിപണിയിലും വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കും. കരാറിന്റെ സാമ്പത്തിക മൂല്യം, നിക്ഷേപ ഘടന, എണ്ണ ഉൽപ്പാദനത്തിലെ അമേരിക്കൻ പങ്കാളിത്തം തുടങ്ങിയ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.