തിരുവനന്തപുരം: വി.ഡി. സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ സംഭവത്തിൽ ഡിസിസി മുൻ അംഗം ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി പൊലീസ്. ഭാരതീയ ന്യായ സംഹിതയിലെ 61(2) വകുപ്പ് പ്രകാരമാണ് ഗൂഢാലോചനക്കുറ്റം ചുമത്തിയതായി കോടതിയിൽ റിപ്പോർട്ട് നൽകിയത്. വി.ഡി. സതീശനെ വഴിയിൽ തടഞ്ഞതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ ഭാഷ്യം
ചേന്തി അനിലിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ഗൂഢാലോചനക്കുറ്റം ചുമത്തിയത്. അനിലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി-3 ഇന്ന് പരിഗണിക്കുന്നതിനിടെയാണ് ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിലാണ് ഗൂഢാലോചനക്കുറ്റം കൂടി ചുമത്തിയ വിവരം വ്യക്തമാക്കുന്നത്.
അനിലിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ടും പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പ്രതിയുടെ ശബ്ദ പരിശോധന നടത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രതിക്ക് രാഷ്‌ട്രീയ സ്വാധീനമുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ വി.ഡി. സതീശനെ തടയാൻ ശ്രമിച്ചിട്ടില്ലെന്നാണ് ചേന്തി അനിൽ കോടതിയിൽ വ്യക്തമാക്കിയിരുന്നത്. വാഹനം വഴിയിൽ നിർത്തിയ ശേഷം സതീശൻ പുറത്തിറങ്ങുകയായിരുന്നുവെന്നാണ് അനിലിന്റെ വാദം. ഈ വാദം ഖണ്ഡിക്കുന്നതിൽ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. വി.ഡി. സതീശന്റെ വാഹനം തടഞ്ഞുവെന്ന കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ കഴിയാതെ വന്നാൽ അനിലിന് ജാമ്യം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചേന്തി അനിലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞത്. ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയിൽ വി.ഡി. സതീശൻ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. കോൺഗ്രസ് പ്രവർത്തകർ കൈകാണിച്ച് വാഹനവ്യൂഹം നിർത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ചേന്തി അനിൽ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തടഞ്ഞുവയ്‌ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ആദ്യം ചുമത്തിയത്. തുടർന്ന് ചേന്തി അനിൽ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.
സംഭവം രാഷ്‌ട്രീയ വിവാദമായതോടെ ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയും ചെയ്തു. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതിനാലാണ് അനിലിനെ പുറത്താക്കിയതെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വിശദീകരണം. അനിലിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് ഡിസിസി പ്രസിഡന്റ് എൻ. ശക്തനും വ്യക്തമാക്കിയിരുന്നു.
ഇതിനിടെയാണ് കേസിൽ ഗൂഢാലോചനക്കുറ്റം കൂടി ചുമത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതോടെ വാഹന തടയൽ കേസിൽ അന്വേഷണം കൂടുതൽ ഗൗരവതരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.