ശൂരനാട്: ദോശ നല്‍കാന്‍ വൈകിയതിന്റെ പേരില്‍ തട്ടുകടയില്‍ സംഘമായി എത്തി ആക്രമണം. ശൂരനാട് കോയിക്കല്‍ ചന്തയിലെ തട്ടുകടയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കട നടത്തിപ്പുകാരായ ദമ്പതികളെ ഉപദ്രവിക്കുകയും ചില്ല് അലമാര ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്‌തെന്ന പരാതിയില്‍ രണ്ടുപേരെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഒരാള്‍ ഒളിവിലാണ്. രാവിലെ 8.30ഓടെയാണ് സംഭവം. പന്തല്‍ തൊഴിലാളികളായ മനാഫും ഭാര്യ സീനത്തും ചേര്‍ന്ന് നടത്തുന്ന തട്ടുകടയിലെത്തിയ മൂന്നംഗ സംഘം ദോശ ആവശ്യപ്പെട്ടു.
എന്നാല്‍ നേരത്തെ എത്തിയവര്‍ക്ക് ആദ്യം ഭക്ഷണം നല്‍കിയതിനെ തുടര്‍ന്ന് ദോശ ലഭിക്കാന്‍ വൈകി. ഇതിനെ സംഘം ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടാവുകയും പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് ക്ഷുഭിതരായ സംഘം കടയിലെ ചില്ല് അലമാരയുടെ ഗ്ലാസുകളും മറ്റ് ഉപകരണങ്ങളും അടിച്ചുതകര്‍ത്തതായും പരാതിയുണ്ട്. സംഭവമറിഞ്ഞ് ശൂരനാട് പോലീസ് സ്ഥലത്തെത്തി. ഇതിനിടെ പോലീസുമായും സംഘത്തിന് വാക്കേറ്റമുണ്ടായതായി പറയുന്നു. സംഘര്‍ഷത്തിനിടെ ചില്ല് തട്ടി അജിയുടെ കൈയ്‌ക്ക് പരിക്കേറ്റു.
പിന്നീട് ഇയാള്‍ തലയിടിച്ച് വീണ് പരിക്കേറ്റതായും പരാതിയുണ്ട്. പോലീസ് പിടിച്ചുതള്ളിയതിനെ തുടര്‍ന്നാണ് വീണതെന്നാണ് അജിയുടെ ആരോപണം. എന്നാല്‍ പോലീസ് ഈ ആരോപണം നിഷേധിച്ചു. ചികിത്സ തേടിയ ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവില്‍ അജിഭവനത്തില്‍ അജി (46), അശ്വതി ഭവനത്തില്‍ രമേശന്‍ (44) എന്നിവരാണ് അറസ്റ്റിലായത്. സംഭവശേഷം സ്ഥലത്തുനിന്ന് മടങ്ങിയ രമേശനെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരാള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.