സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

Published by
ജനം വെബ്‌ഡെസ്ക്

മീനാക്ഷിപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ അനധികൃതമായി ഭാഗ്യക്കുറി വില്‍പ്പന നടത്തിയെന്ന കേസില്‍ നാലുപേരെ മീനാക്ഷിപുരം പോലീസ് പിടികൂടി. കോയമ്പത്തൂര്‍ സ്വദേശികളായ ബാലസുബ്രഹ്‌മണ്യന്‍ (43), ശര്‍മിളഭാനു (28), ശ്രേയ (18), ധനലക്ഷ്മി (20) എന്നിവരാണ് പിടിയിലായത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ ആറ് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ലോട്ടറി നടത്തിപ്പുകാരനായ മീനാക്ഷിപുരം സ്വദേശി മുരുകാനന്ദനും കെട്ടിട ഉടമ മൂലക്കട സ്വദേശി ഉദയകുമാറും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഇരുവര്‍ക്കുമായി അന്വേഷണം ആരംഭിച്ചതായി മീനാക്ഷിപുരം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഡി. ദീപു പറഞ്ഞു.

മീനാക്ഷിപുരം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 12.30ഓടെയാണ് മൂലക്കടയിലെ പഴയ കോഴിഫാമില്‍ പരിശോധന നടത്തിയത്. പോലീസ് സ്ഥലത്തെത്തിയ വിവരമറിഞ്ഞതോടെ ഉദയകുമാറും മുരുകാനന്ദനും ഓടി രക്ഷപ്പെട്ടതായാണ് പോലീസ് പറയുന്നത്. ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മീനാക്ഷിപുരം, ഗോപാലപുരം, കൊഴിഞ്ഞാമ്പാറ മേഖലകളില്‍ അനധികൃത ഭാഗ്യക്കുറി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരെ പിടികൂടിയതായും പോലീസ് അറിയിച്ചു.

സാമൂഹിക മാധ്യമം വഴി ഭാഗ്യക്കുറിയെടുത്ത തമിഴ്‌നാട് സ്വദേശി സമ്മാനത്തുക ആവശ്യപ്പെട്ട് ചൊവ്വാഴ്ച മീനാക്ഷിപുരത്തെത്തി ബഹളമുണ്ടാക്കിയതോടെയാണ് സംഭവത്തില്‍ കൂടുതല്‍ ശ്രദ്ധ പതിഞ്ഞത്. പൊതുപ്രവര്‍ത്തകനായ വിളയോടി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ചിറ്റൂര്‍ ഡിവൈ.എസ്.പി. നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃത ഭാഗ്യക്കുറി വില്‍പ്പനയ്‌ക്കെതിരെ പരിശോധന ശക്തമാക്കിയതോടെ വില്‍പ്പന രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയതായും പരാതിയുണ്ട്. അതിര്‍ത്തി മേഖലകളില്‍ ഇത്തരം അനധികൃത ലോട്ടറി ഇടപാടുകള്‍ക്കെതിരെ പോലീസ് പരിശോധന തുടരുകയാണ്.

അടുത്തിടെ അതിര്‍ത്തിപ്രദേശങ്ങളില്‍ ഭാഗ്യക്കുറി തട്ടിപ്പ് നടത്തിയെന്ന കേസില്‍ 10 പേരെ മണ്ണാര്‍ഗുഡിയില്‍ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച കുനിശ്ശേരി സ്വദേശികളായ നാലുപേരെയും ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Share