നേപ്പാളിലെ ത്രിശൂലി-3A ജലവൈദ്യുത പദ്ധതിയിലുണ്ടായ പ്രളയദുരന്തത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി രക്ഷപ്പെട്ട തൊഴിലാളി. തുരങ്കത്തിനുള്ളിൽ അപകടസൂചന ലഭിച്ചതിന് പിന്നാലെ പുറത്തേക്ക് പോയ ചൈനീസ് സൂപ്പർവൈസർ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് തൊഴിലാളിയായ രാജ് ഛേത്രിയുടെ വെളിപ്പെടുത്തൽ. ദുരന്തത്തിന് തൊട്ടുമുമ്പ് തുരങ്കത്തിനുള്ളിൽ അസാധാരണമായ ശബ്ദം കേട്ടിരുന്നുവെന്നും തൊഴിലാളികൾക്ക് അപകടസാധ്യതയെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ദുരന്തം സംഭവിക്കുമ്പോൾ ടണൽ നമ്പർ 3-ൽ ഏകദേശം 265 പേർ ജോലി ചെയ്തിരുന്നുവെന്നാണ് രാജ് ഛേത്രിയുടെ അവകാശവാദം. അപ്രതീക്ഷിതമായി തുരങ്കത്തിനുള്ളിൽ വലിയ ശബ്ദം കേട്ടതോടെ സ്ഥിതിഗതികൾ അപകടകരമാണെന്ന് മനസിലാക്കിയതായി അദ്ദേഹം പറഞ്ഞു. തുടർന്ന് ചൈനീസ് സൂപ്പർവൈസറെ വിവരം അറിയിക്കുകയും പുറത്തേക്ക് പോകാൻ അനുമതി തേടുകയും ചെയ്തെന്നാണ് ഛേത്രി പറയുന്നത്. എന്നാൽ തൊഴിലാളികളോട് ജോലി തുടരാൻ ആവശ്യപ്പെട്ട ശേഷം എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാനായി സൂപ്പർവൈസർ പുറത്തേക്ക് പോയെന്നും പിന്നീട് തിരികെ എത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
അൽപ്പസമയത്തിനുശേഷം തുരങ്കത്തിന് മുകളിലുള്ള ഭാഗത്തുനിന്ന് ശക്തമായ വെള്ളവും അവശിഷ്ടങ്ങളും താഴേക്ക് ഒഴുകിയെത്തിയതോടെ തൊഴിലാളികൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഛേത്രിക്കൊപ്പം നാല് തൊഴിലാളികൾ തുരങ്കത്തിന്റെ പ്രവേശന ഭാഗത്തെത്തിയെങ്കിലും ഇവരിൽ രണ്ട് പേരെ പിന്നീട് കാണാതായെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അപകടസൂചന ലഭിച്ച സമയത്ത് തന്നെ തൊഴിലാളികളെ ഒഴിപ്പിച്ചിരുന്നെങ്കിൽ മരണസംഖ്യ കുറയ്‌ക്കാൻ സാധിക്കുമായിരുന്നുവെന്നും ഛേത്രി ആരോപിച്ചു.
തുരങ്കത്തിനുള്ളിൽ നിരവധി മൃതദേഹങ്ങൾ കണ്ടതായും, പുറത്തുണ്ടായിരുന്നവർക്ക് അകത്തുനിന്ന് ചിലരുടെ ശബ്ദം കേൾക്കാനായെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരെ സഹായിക്കണോ അതോ സ്വന്തം ജീവൻ രക്ഷിക്കണോ എന്ന കടുത്ത സാഹചര്യത്തിലൂടെയാണ് തങ്ങൾ കടന്നുപോയതെന്നും ഛേത്രി വ്യക്തമാക്കി. പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ ഛേത്രിയും മറ്റ് തൊഴിലാളികളും സമീപത്തെ കുന്നുകളിലേക്ക് നീങ്ങി. പിന്നീട് ഒരു വനപ്രദേശത്ത് അഭയം തേടിയ ഇവർ ആദ്യ രാത്രി മരത്തിന് കീഴിലാണ് കഴിച്ചുകൂട്ടിയത്.
മൊബൈൽ ഫോണുകളോ ആശയവിനിമയത്തിനുള്ള മറ്റ് സംവിധാനങ്ങളോ കൈവശമുണ്ടായിരുന്നില്ലെന്നും പ്രളയത്തിന് പിന്നാലെ മൊബൈൽ നെറ്റ്‌വർക്കുകളും പ്രവർത്തനരഹിതമായിരുന്നുവെന്നും ഛേത്രി പറഞ്ഞു.
ദുരന്തത്തിന് മുമ്പ് പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും സാധ്യതയെക്കുറിച്ച് ചൈനീസ് ഭാഗത്തിന് വിവരമുണ്ടായിരുന്നുവെന്നും എന്നാൽ നേപ്പാളിന് സമയബന്ധിതമായി മുന്നറിയിപ്പ് നൽകിയില്ലെന്നുമാണ് ഛേത്രിയുടെ മറ്റൊരു ആരോപണം. നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ തുരങ്കത്തിലെ തൊഴിലാളികളെയും അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെയും സുരക്ഷിതമായി ഒഴിപ്പിക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.