തൃശൂർ: പട്ടയം ശരിയാക്കി നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ കേസെടുക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. കെപിസിസി ജനറൽ സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തിനെതിരെയും കേസെടുക്കാൻ കോടതി നിർദേശമുണ്ട്. തൃശൂർ താണിക്കുടം സ്വദേശി ദേവേന്ദ്രൻ നൽകിയ പരാതിയിലാണ് നടപടി.
സംഭവം നടക്കുമ്പോൾ സനീഷ് കുമാർ ജോസഫ് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. ദേവേന്ദ്രന്റെ അമ്മയുടെ പേരിലുള്ള 17 സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാതിക്ക് ആസ്പദമായ സംഭവം.
2010ൽ 17 സെന്റ് ഭൂമിയുടെ പട്ടയത്തിനായി ദേവേന്ദ്രൻ അപേക്ഷ നൽകിയിരുന്നു. തുടർന്ന് 2012ൽ 15 സെന്റ് ഭൂമിക്ക് പട്ടയം അനുവദിച്ചു. ബാക്കിയുള്ള രണ്ട് സെന്റ് ഭൂമിക്ക് കൂടി പട്ടയം ലഭിക്കുന്നതിനായി അന്ന് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സനീഷ് കുമാർ ജോസഫിനെ സമീപിച്ചപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് ദേവേന്ദ്രന്റെ ആരോപണം.
അഞ്ച് ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് പരാതിയിലെ പ്രധാന ആരോപണം. തനിക്ക് പണം നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ രാത്രി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. അതും നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പട്ടയം ശരിയാക്കിയ ശേഷം 75,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതായും ദേവേന്ദ്രൻ ആരോപിച്ചു.
സനീഷ് കുമാർ ജോസഫിനൊപ്പം കെപിസിസി ജനറൽ സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തും കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതിക്കാരന്റെ ആരോപണം.
തുടർന്ന് അന്നത്തെ അവണൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന രാജേന്ദ്രൻ അരങ്ങത്തിനെ സമീപിച്ചതായും ദേവേന്ദ്രൻ പറയുന്നു. പിന്നീട് താലൂക്ക് ഓഫീസിലെത്തി കോൺഗ്രസ് നേതാവും സീനിയർ ക്ലർക്കുമായ വിൽസണെ കണ്ടെന്നും പരാതിയിലുണ്ട്. അവരും 50,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായും തുടർന്ന് 75,000 രൂപ കൂടി ആവശ്യപ്പെട്ടതായും ദേവേന്ദ്രൻ ആരോപിക്കുന്നു.
ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് ദേവേന്ദ്രൻ തൃശൂർ വിജിലൻസ് കോടതിയെ സമീപിച്ചത്.
സനീഷ് കുമാർ ജോസഫിനും രാജേന്ദ്രൻ അരങ്ങത്തിനും പുറമെ ആറ് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കാൻ വിജിലൻസ് കോടതി നിർദേശിച്ചിട്ടുണ്ട്. പരാതിയിലെ ആരോപണങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്.
അതേസമയം, ആരോപണങ്ങൾ രാജേന്ദ്രൻ അരങ്ങത്ത് നിഷേധിച്ചു. പരാതിക്ക് പിന്നിൽ പാർട്ടിയിലെ ചിലരാണെന്നും തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
കോടതി കേസെടുക്കാൻ ഉത്തരവിട്ടതോടെ സംഭവത്തിൽ വിജിലൻസ് അന്വേഷണം ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് വഴിയൊരുങ്ങുകയാണ്.















