ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ പിണറായി സർക്കാരിന്റെ വഴിവിട്ട ഇടപെടലുകൾ ചർച്ചയാകുന്നു. മെസ്സി കേരളത്തിലെത്തുമെന്ന് ഉറപ്പ് ലഭിച്ചതായി കേന്ദ്ര സർക്കാരിനെ അറിയിച്ചുകൊണ്ട് കായിക മന്ത്രി കത്തയച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഫെമ (FEMA) നിയമവുമായി ബന്ധപ്പെട്ട നടപടികളിൽ നിന്ന് ഒഴിവാകാൻ സംസ്ഥാന സർക്കാർ നേരിട്ട് ഇടപെട്ടുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാൻ എന്ന പേരിൽ 126 കോടി രൂപയാണ് സ്പോൺസർ വിദേശത്തേക്ക് അയച്ചത് . ഇതിന് മുന്നോടിയായി  അർജന്റീന ടീം കേരളത്തിലെത്താൻ സമ്മതിച്ചെന്നും വിദേശത്തേക്ക് ഫണ്ട് കൈമാറാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രി  കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു.

വിദേശ ഫുട്ബോൾ ടീമുകളെ ഇന്ത്യയിലെത്തിക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും കൃത്യമായ ചട്ടങ്ങളുണ്ട്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഫുട്ബോൾ സംഘടനകൾ വഴിയുള്ള ഇടപാടുകൾക്കാണ് സാധാരണയായി അനുമതിയുള്ളത്. സംസ്ഥാന സർക്കാരുകൾക്ക് നേരിട്ടും മത്സരം സംഘടിപ്പിക്കുന്നതിനും തടസ്സമില്ല. എന്നാൽ ഇവിടെ  സ്വകാര്യ കമ്പനി  നേരിട്ട് വലിയ തുക കൈമാറിയതിലും സംശയങ്ങൾ ഉയർന്നിട്ടുണ്ട്.

മെസ്സി കേരളത്തിലെത്തുമെന്ന ആദ്യ പ്രഖ്യാപനത്തിന് ഏതാനും ആഴ്ചകൾക്ക് മുൻപ് ആൻറോ അഗസ്റ്റിൻ രൂപീകരിച്ച തട്ടിക്കൂട്ട് സ്ഥാപനം വഴിയാണ് അർജൻറീനയിലേക്ക് പണം കൈമാറിയത്. എന്നാൽ ഈ പണം പോയത് അർജന്റീന ഫുട്ബോൾ ഫെഡറേഷനിലേക്കല്ല, മറിച്ച് അർജന്റീനയിൽ രൂപീകരിച്ച മറ്റൊരു സ്വകാര്യ കമ്പനിയിലേക്കാണ്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട്  അന്താരാഷ്‌ട്ര തലത്തിൽ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. മെസ്സിയെ കേരളത്തിലെത്തിക്കുക എന്നതിലുപരി വിദേശത്തേക്ക് പണം മാറ്റുന്നതിനുള്ള ശ്രമമായിരുന്നോ ഇടപാടിന് പിന്നിലെന്ന സംശയവും അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്.

അതേസമയം, അന്താരാഷ്‌ട്ര സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമല്ലെന്ന് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായും വിവരമുണ്ട്.   ഇതോടെ പണമിടപാടിന്റെ യഥാർഥ സ്വഭാവം സംബന്ധിച്ചും ഇഡി അന്വേഷണം ശക്തമാകുകയാണ്. സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരുമായി നടത്തിയ ചില കത്തിടപാടുകൾ കായിക സെക്രട്ടറിയുടെ അറിവില്ലാതെയായിരുന്നോ എന്ന കാര്യവും അന്വേഷണത്തിൽ പരിശോധിക്കുന്നുണ്ട്.

Share