കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്ന് മൂന്ന് യുവാക്കള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. കല്ലമ്പലം സ്വദേശികളായ സുനു, വിനീത്, ഉണ്ണി എന്ന രാജേഷ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ വിനീതിനെയും ഉണ്ണിയെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇടതുകൈയിലും മുതുകിലും പൊള്ളലേറ്റ സുനു ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കല്ലമ്പലത്ത് രാവിലെ 11.30ഓടെയായിരുന്നു സംഭവം.

സുനുവും വിനീതും കിണര്‍ വൃത്തിയാക്കുന്നതിനായാണ് സ്ഥലത്തെത്തിയത്. ഇവരെ സഹായിക്കാനായി ഉണ്ണിയും എത്തിയിരുന്നു. പമ്പ് സെറ്റ് ഉപയോഗിച്ച് കിണറിലെ വെള്ളം വറ്റിച്ചശേഷം യുവാക്കള്‍ കിണറിനുള്ളിലേക്ക് ഇറങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു. കിണറിനുള്ളില്‍ ഓക്‌സിജന്റെ സാന്നിധ്യം പരിശോധിക്കുന്നതിനായി മെഴുകുതിരി കത്തിച്ച് ബക്കറ്റില്‍ വയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് കയറില്‍ കെട്ടി മെഴുകുതിരി കിണറിനുള്ളിലേക്ക് ഇറക്കി. മെഴുകുതിരി കിണറിന്റെ പകുതിയോളം എത്തിയപ്പോഴേക്കും തീ മുകളിലേക്ക് ആളിപ്പടരാന്‍ തുടങ്ങിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

കിണര്‍ സ്ഥിതിചെയ്യുന്നത് കെട്ടിടത്തിന്റെ ഇടുങ്ങിയ ഭാഗത്തായതിനാല്‍ യുവാക്കള്‍ക്ക് പെട്ടെന്ന് ഓടിമാറാനും സാധിച്ചില്ല. ദേശീയപാതയ്‌ക്കരികിലുള്ള പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ അടിഭാഗത്താണ് കിണര്‍ സ്ഥിതിചെയ്യുന്നത്. കിണറിനുള്ളില്‍ പെട്രോള്‍ സാന്നിധ്യമുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് പരിശോധിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്.

Share