തായ്‌ലൻഡ്: പതിറ്റാണ്ടുകളെടുത്ത് കെട്ടിപ്പടുത്ത ബിസിനസ് വിറ്റ് സന്യാസ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങി തായ് സംരംഭകൻ. പ്രമുഖ ഐസ്ക്രീം ബ്രാൻഡായ Hawell’s-ന്റെ ചെയർമാൻ സിരിപോങ് അക്കരസ്രിയുക് ആണ് വ്യത്യസ്ത തീരുമാനവുമായി രംഗത്തെത്തിയത്. ഏകദേശം 47.2 കോടി രൂപയ്‌ക്ക് (165 മില്യൺ തായ് ബാത്ത്) കമ്പനിയെ വിൽക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ജീവിതത്തിന്റെ അടുത്ത ഘട്ടം ധ്യാനത്തിനും ആത്മീയ പരിശീലനത്തിനുമായി മാറ്റിവെക്കുകയാണ് സിരിപോങിന്റെ ലക്ഷ്യം. ഇതിനായി കാട്ടിൽ ധ്യാനത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തി ഒരു ഫോറസ്റ്റ് റിട്രീറ്റ് സ്ഥാപിക്കാനും അദ്ദേഹം പദ്ധതിയിടുന്നു. സന്യാസം സ്വീകരിച്ച ശേഷം കാട്ടിൽ ഏകാന്തമായി ധ്യാനത്തിൽ കഴിയാനാണ് ആഗ്രഹം.
ഈ ആലോചന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നാണ് സിരിപോങ് പറയുന്നത്. 15 വർഷത്തിലേറെയായി സന്യാസ ജീവിതത്തെക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നുണ്ട്. ബുദ്ധമതത്തെക്കുറിച്ച് പൊതുവേദികളിൽ സംസാരിച്ചിട്ടുള്ള അദ്ദേഹം 2016-ൽ Success Derived from the Buddha എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.
സിരിപോങ് 1999-ലാണ് Hawell’s ആരംഭിച്ചത്. ആദ്യകാലത്ത് മികച്ച വളർച്ച നേടിയ കമ്പനി മൂന്ന് വർഷത്തിനുള്ളിൽ 22 ശാഖകളിലേക്ക് വ്യാപിച്ചു. തായ്‌ലൻഡിലെ ഷോപ്പിങ് മാളുകളിൽ ഒരുകാലത്ത് വ്യാപകമായി സാന്നിധ്യമുണ്ടായിരുന്ന ബ്രാൻഡായിരുന്നു Hawell’s.
165 മില്യൺ ബാത്തിന്റെ വിൽപ്പനയിൽ ഐസ്ക്രീം ബ്രാൻഡ് മാത്രമല്ല ഉൾപ്പെടുന്നത്. ഏകദേശം 1.1 ഹെക്ടർ (2.77 ഏക്കർ) ഭൂമി, ഓഫീസ് കെട്ടിടം, ഫാക്ടറി, യന്ത്രസാമഗ്രികൾ, ലൈസൻസുകൾ, Hawell’s Ice Cream & Fast Food ഔട്ട്‌ലെറ്റ്, കമ്പനിയുടെ ട്രേഡ്‌മാർക്ക് എന്നിവയും ഇടപാടിന്റെ ഭാഗമാണ്. 37 വർഷത്തെ ബിസിനസ് പരിചയത്തിൽ നേടിയ ഐസ്ക്രീം നിർമാണത്തിനുള്ള മുഴുവൻ അറിവും റെസിപ്പികളും വാങ്ങുന്നയാൾക്ക് കൈമാറുമെന്നും സിരിപോങ് പറയുന്നു. കമ്പനിയുടെ ഭാവി ഏറ്റെടുക്കാൻ താൽപര്യമുള്ള വാങ്ങുന്നയാളെ കണ്ടെത്തുന്നവർക്കായി 5 മില്യൺ ബാത്ത് (ഏകദേശം 1.43 കോടി രൂപ) കമ്മീഷനും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.