ന്യൂഡല്‍ഹി: യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ആഗോള യുദ്ധങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനുമാണ് പരിഹാരമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെല്‍ജിയം പ്രധാനമന്ത്രി ബാര്‍ട്ട് ദെ വെവറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ന്യൂഡല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് ഇന്ത്യ പൂര്‍ണ പിന്തുണ നല്‍കുമെന്ന് മോദി പറഞ്ഞു. ”അത് യുക്രൈനാകട്ടെ, പശ്ചിമേഷ്യയാകട്ടെ, സംഘര്‍ഷങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും ഞങ്ങള്‍ പിന്തുണയ്‌ക്കുന്നു,” എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ബെല്‍ജിയം പ്രധാനമന്ത്രി ബാര്‍ട്ട് ദെ വെവര്‍ ഇന്ത്യയിലെത്തിയത്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ബെല്‍ജിയത്തിന്റെ ഒരു പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ കൂടിക്കാഴ്ചയ്‌ക്കുണ്ട്. ഇന്ത്യയും ബെല്‍ജിയവും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, വ്യാപാരം, പ്രതിരോധ സഹകരണം തുടങ്ങിയ വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറും ആഗോള സ്ഥിരതയ്‌ക്ക് കൂടുതല്‍ കരുത്തുപകരുമെന്ന് മോദി വ്യക്തമാക്കി.
ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധതയും ഇന്ത്യയും ബെല്‍ജിയവും ആവര്‍ത്തിച്ചു. യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ സമാധാനത്തിനും നയതന്ത്ര ചര്‍ച്ചകള്‍ക്കും പിന്തുണ അറിയിച്ചിട്ടുണ്ട്. ആഗോള സമ്പദ്വ്യവസ്ഥയെയും ഊര്‍ജ വിപണികളെയും ബാധിക്കുന്ന തരത്തില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നിലപാട് വീണ്ടും വ്യക്തമാകുന്നത്.