‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സമസ്ത വിഷയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിലപാട് മാറ്റിയതും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് പിന്‍വലിച്ചതും കേരള രാഷ്‌ട്രീയത്തിലെ ‘കീഴടങ്ങലിന്റെ’ തെളിവാണെന്ന് ബിജെപി നേതാവ് അനൂപ് ആന്റണി. അധികാര കസേര നിലനിര്‍ത്താന്‍ സ്വന്തം നിലപാടുകള്‍ പോലും പാണക്കാട് പണയംവെക്കേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കേരള മുഖ്യമന്ത്രി കസേര നിലനിര്‍ത്തണമെങ്കില്‍ ചില മതമൗലികവാദ ശക്തികളെ പ്രീതിപ്പെടുത്തി മുന്നോട്ടുപോകേണ്ട സാഹചര്യമാണെന്ന് അനൂപ് ആന്റണി വിമര്‍ശിച്ചു.

ജമാഅത്തെ ഇസ്ലാമിയെയും മുസ്ലിം ലീഗിനെയും പിണക്കിയാല്‍ മുഖ്യമന്ത്രി കസേരയിലെ യാത്രയ്‌ക്ക് തിരിച്ചടിയുണ്ടാകുമെന്ന ഭയത്താല്‍ നിലപാടുകളില്‍ നിന്ന് പിന്നോട്ടുപോകുന്നുവെങ്കില്‍ അത് രാഷ്‌ട്രീയ ദൗര്‍ബല്യത്തിന്റെ തെളിവാണെന്നും ബിജെപി നേതാവ് പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളും ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വവും പോലുള്ള വിഷയങ്ങളില്‍ പോലും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ട സാഹചര്യമാണോ കേരളത്തിലുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

അധികാരത്തിനുവേണ്ടി നിലപാടുകളില്‍ മാറ്റം വരുത്തുന്ന രാഷ്‌ട്രീയത്തെ കേരളം തിരിച്ചറിഞ്ഞുകഴിഞ്ഞെന്നും അനൂപ് ആന്റണി അവകാശപ്പെട്ടു. സമസ്ത വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റവും സോഷ്യല്‍ മീഡിയ പോസ്റ്റ് പിന്‍വലിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാവിന്റെ വിമര്‍ശനം.

Share