ന്യൂഡല്‍ഹി: യുദ്ധമുഖത്ത് നിര്‍ണായകമായ 70 എംഎം റോക്കറ്റുകളുടെ ആഭ്യന്തര ഉത്പാദനം ശക്തമാക്കാന്‍ ഇന്ത്യ. ബെല്‍ജിയം ആസ്ഥാനമായുള്ള പ്രമുഖ പ്രതിരോധ കമ്പനിയായ താലെസ് ഗ്രൂപ്പുമായി സഹകരിച്ചാണ് ഇന്ത്യയില്‍ 70 എംഎം അണ്‍ഗൈഡഡ്, ലേസര്‍ ഗൈഡഡ് റോക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ നീക്കം. ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ഇന്ത്യയെ ഈ റോക്കറ്റുകളുടെ ആഗോള നിര്‍മ്മാണ-കയറ്റുമതി കേന്ദ്രമാക്കി മാറ്റുകയുമാണ് ലക്ഷ്യം.
യുദ്ധ ഹെലികോപ്റ്ററുകളില്‍ ഘടിപ്പിക്കുന്ന റോക്കറ്റ് ലോഞ്ചറുകളിലൂടെയാണ് 70 എംഎം റോക്കറ്റുകള്‍ പ്രയോഗിക്കുന്നത്. കവചിത വാഹനങ്ങള്‍, ബങ്കറുകള്‍, റഡാര്‍ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കെതിരെ ഇവ ഉപയോഗിക്കാനാകും. 70 എംഎം റോക്കറ്റുകളുടെ പ്രധാന ആകര്‍ഷണം താരതമ്യേന കുറഞ്ഞ വിലയാണ്.
ഒരു റോക്കറ്റിന് ഏകദേശം 9.5 ലക്ഷം രൂപ വരെയാണ് ചെലവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പല മിസൈലുകള്‍ക്കും 30 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വില വരാം. കുറഞ്ഞ ചെലവില്‍ കൂടുതല്‍ പ്രഹരശേഷി ഉറപ്പാക്കാന്‍ കഴിയുന്നതാണ് റോക്കറ്റുകളുടെ പ്രധാന നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആധുനിക യുദ്ധമുഖത്ത് ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും കുറഞ്ഞ ചെലവിലുള്ള പ്രതിരോധ സംവിധാനങ്ങള്‍ക്ക് പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്. വിലകൂടിയ മിസൈലുകള്‍ ഉപയോഗിച്ച് ഓരോ ചെറിയ ലക്ഷ്യത്തെയും നേരിടുന്നത് വലിയ സാമ്പത്തിക ബാധ്യതയാകുന്നതിനാല്‍, ചെലവ് കുറഞ്ഞ റോക്കറ്റ് സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകളുടെ നിര്‍മ്മാണത്തിനായി താലെസ് ഗ്രൂപ്പ് രാജ്യത്തെ പ്രമുഖ പ്രതിരോധ സ്ഥാപനങ്ങളുമായി സഹകരിക്കുന്നുണ്ട്. കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് ലിമിറ്റഡ് (KSSL), അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ്, പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡയനാമിക്‌സ് ലിമിറ്റഡ് (BDL) എന്നിവയുമായി വിവിധ തലങ്ങളില്‍ കരാറുകളും ധാരണകളും നിലവിലുണ്ട്. ഭാരത് ഫോര്‍ജിന്റെ ഉപകമ്പനിയായ KSSL-ഉം താലെസും ചേര്‍ന്ന് 70 എംഎം അണ്‍ഗൈഡഡ്, ലേസര്‍ ഗൈഡഡ് റോക്കറ്റ് സംവിധാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ്.
അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസും താലെസുമായി ചേര്‍ന്ന് ഇന്ത്യയില്‍ 70 എംഎം ലേസര്‍ ഗൈഡഡ് റോക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിനും അസംബിള്‍ ചെയ്യുന്നതിനും പരീക്ഷിക്കുന്നതിനുമുള്ള കരാറില്‍ നേരത്തെ എത്തിയിരുന്നു. BDL-ഉം താലെസിന്റെ FZ275 ലേസര്‍ ഗൈഡഡ് റോക്കറ്റുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
താലെസിന്റെ FZ275 പോലുള്ള ലേസര്‍ ഗൈഡഡ് റോക്കറ്റുകള്‍ക്ക് ലേസര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലക്ഷ്യത്തെ കൂടുതല്‍ കൃത്യതയോടെ ആക്രമിക്കാന്‍ സാധിക്കും. ഇതുവഴി നിര്‍ണായകമായ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ കൃത്യമായ പ്രഹരം നടത്താന്‍ കഴിയുമെന്നാണ് സാങ്കേതിക വിലയിരുത്തല്‍. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണ ശേഷിയുള്ള ഹെലികോപ്റ്ററുകളായ ALH രുദ്ര, LCH പ്രചണ്ഡ് എന്നിവയ്‌ക്കൊപ്പം അപ്പാച്ചെ AH-64, Mi-35 തുടങ്ങിയ ഹെലികോപ്റ്ററുകളിലും 70 എംഎം റോക്കറ്റുകള്‍ ഉപയോഗിക്കാനാകും.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 70 എംഎം ലേസര്‍ ഗൈഡഡ് റോക്കറ്റുകള്‍ക്ക് ആഗോളതലത്തില്‍ ആവശ്യകത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നാറ്റോ രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യകത വര്‍ധിക്കുന്ന സാഹചര്യം ഇന്ത്യയ്‌ക്കും വലിയ കയറ്റുമതി സാധ്യതയാണ് തുറക്കുന്നത്.
ഇന്ത്യയില്‍ തന്നെ റോക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിലൂടെ വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും സൈന്യത്തിന്റെ ആവശ്യങ്ങള്‍ വേഗത്തില്‍ നിറവേറ്റാനും കഴിയും. അതോടൊപ്പം, ആഭ്യന്തര പ്രതിരോധ ഉത്പാദനം വര്‍ധിപ്പിക്കുകയും കയറ്റുമതിയിലൂടെ പുതിയ വിപണികള്‍ കണ്ടെത്തുകയും ചെയ്യാം.
ബെല്‍ജിയം പ്രധാനമന്ത്രി ബാര്‍ട് ഡെ വെവറിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ പ്രതിരോധ മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട കൂടുതല്‍ കരാറുകള്‍ക്കും ധാരണകള്‍ക്കും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ. ബെല്‍ജിയം പ്രതിരോധമന്ത്രി തിയോ ഫ്രാങ്കനും ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.
70 എംഎം റോക്കറ്റ് നിര്‍മ്മാണത്തിലേക്കുള്ള ഈ നീക്കം വിജയിച്ചാല്‍, ആഭ്യന്തര പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ആഗോള വിപണിയിലേക്കുള്ള ഒരു പ്രധാന റോക്കറ്റ് നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യയെ ഉയര്‍ത്താനുള്ള സാധ്യതയുമുണ്ട്.