ന്യൂഡല്‍ഹി: വിദേശത്തുനിന്നുള്ള സംഭാവനകളും സാമ്പത്തിക സഹായങ്ങളും സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്സിആര്‍എ ഭേദഗതി ബില്‍ 2026 പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍. കോണ്‍ഗ്രസ് എംപി ആന്റോ ആന്റണി, മുസ്ലിം ലീഗ് എംപി ഇ.ടി. മുഹമ്മദ് ബഷീര്‍, ബിജെപി രാജ്യസഭാംഗം സി. സദാനന്ദന്‍ മാസ്റ്റര്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് ജെപിസിയില്‍ ഇടം നേടിയത്.
31 അംഗ സമിതിയുടെ അധ്യക്ഷനായി ബിജെപിയുടെ സഞ്ജയ് ജയ്സ്വാളിനെയാണ് തെരഞ്ഞെടുത്തത്. ലോക്‌സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ നിന്ന് 10 പേരുമാണ് സമിതിയിലുള്ളത്. ബിജെപിക്കാണ് സമിതിയില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം. 14 അംഗങ്ങളാണ് പാര്‍ട്ടിയില്‍ നിന്ന് ജെപിസിയിലുള്ളത്. ബിജെപിയില്‍ നിന്ന് അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാളിന് പുറമെ ഭര്‍തൃഹരി മഹ്താബ്, തേജസ്വി സൂര്യ, കമലേഷ് ജംഗ്ഡെ, മുകേഷ് കുമാര്‍ ചന്ദ്രകാന്ത് ദലാല്‍, നിഷികാന്ത് ദുബെ, വിഷ്ണു ദയാല്‍ റാം, അനന്ത നായക്, അരവിന്ദ് ധര്‍മപുരി എന്നിവരാണ് ലോക്‌സഭയില്‍ നിന്നുള്ള അംഗങ്ങള്‍.
കോണ്‍ഗ്രസില്‍ നിന്ന് ആന്റോ ആന്റണിക്ക് പുറമെ ക്യാപ്റ്റന്‍ വിരിയാറ്റോ ഫെര്‍ണാണ്ടസ്, മുഹമ്മദ് ഹംദുള്ള സയീദ്, കാളി ചരണ്‍ മുണ്ട എന്നിവരും സമിതിയിലുണ്ട്. എസ്പിയുടെ സിയാ ഉര്‍ റഹ്‌മാന്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ കല്യാണ്‍ ബാനര്‍ജി, ഡിഎംകെയുടെ എ. രാജ, ടിഡിപിയുടെ ലാവു ശ്രീകൃഷ്ണ ദേവരായലു, ശിവസേനയുടെ നരേഷ് ഗണ്‍പത് മഹസ്‌കെ, ജെഡിയുവിന്റെ കൗശലേന്ദ്ര കുമാര്‍, എന്‍സിപി-എസ്പിയുടെ സുപ്രിയ സുലെ, മുസ്ലിം ലീഗിന്റെ ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരാണ് മറ്റ് ലോക്‌സഭാംഗങ്ങള്‍.
രാജ്യസഭയില്‍ നിന്ന് ബിജെപിയുടെ സി. സദാനന്ദന്‍ മാസ്റ്റര്‍, ഹര്‍ഷവര്‍ധന്‍ ശ്രിംഗ്ല, ഉജ്ജ്വല്‍ ദിയോറാവു നികം, അല്‍ക്ക ഗുര്‍ജാര്‍, സത് പോള്‍ ശര്‍മ എന്നിവരാണ് ജെപിസിയിലുള്ളത്. എന്‍സിപിയുടെ പ്രഫുല്‍ പട്ടേല്‍, ജെഡിയുവിന്റെ സഞ്ജയ് കുമാര്‍ ഝാ, കോണ്‍ഗ്രസിന്റെ ക്രിസ്റ്റഫര്‍ മണിക്കും, തൃണമൂല്‍ കോണ്‍ഗ്രസിന്റെ മേനക ഗുരുസ്വാമി, ഡിഎംകെയുടെ പി. വില്‍സണ്‍ എന്നിവരാണ് രാജ്യസഭയില്‍ നിന്നുള്ള മറ്റ് അംഗങ്ങള്‍. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ തുടക്കത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജെപിസിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എഫ്സിആര്‍എ ഭേദഗതി ബില്‍ ജെപിസിക്ക് വിടാനുള്ള പ്രമേയം കഴിഞ്ഞമാസം 12ന് ലോക്‌സഭ പാസാക്കിയിരുന്നു.
വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ് ബില്ലിന്റെ ലക്ഷ്യം. എന്നാല്‍ ന്യൂനപക്ഷങ്ങളെയും സന്നദ്ധ സംഘടനകളെയും ലക്ഷ്യമിടുന്നതാണ് നിര്‍ദേശങ്ങളെന്ന ആരോപണവുമായി പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബില്‍ വിശദമായ പരിശോധനയ്‌ക്കായി സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടത്.