ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏറെ താല്‍പര്യപ്പെടുന്നുവെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍. മോദിയുമായുള്ള ട്രംപിന്റെ വ്യക്തിബന്ധവും ഇന്ത്യ-യുഎസ് ബന്ധത്തിലെ പുരോഗതിയും ചൂണ്ടിക്കാട്ടിയാണ് അംബാസഡറുടെ പ്രതികരണം.
ഡിസംബറില്‍ ഫ്‌ലോറിഡയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കായി മോദി അമേരിക്കയിലെത്തുമ്പോള്‍ ബഹുരാഷ്‌ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ മാത്രം സന്ദര്‍ശനം ഒതുങ്ങില്ലെന്നാണ് പ്രതീക്ഷയെന്നും ഗോര്‍ പറഞ്ഞു. ഔദ്യോഗിക ഉഭയകക്ഷി കൂടിക്കാഴ്ച പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ട്രംപിന്റെ മുന്‍ഗണനാ പട്ടികയില്‍ മോദി മുന്നിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിന് 2020ലെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും ഏറെ പ്രിയപ്പെട്ടതാണെന്നും ഗോര്‍ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളെയും പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദത്തെയും ട്രംപ് പലപ്പോഴും ഓര്‍ക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനുള്ള സാധ്യതയും ഗോര്‍ സൂചിപ്പിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിര്‍ദിഷ്ട വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നതിലേക്ക് ഇരു രാജ്യങ്ങളും അടുത്തെത്തിയതായി ഗോര്‍ പറഞ്ഞു.
യുഎസ് സുപ്രീംകോടതിയുടെ പുതിയ വിധിക്ക് പിന്നാലെ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുനഃക്രമീകരിച്ചുവരികയാണെന്നും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കരാര്‍ അന്തിമമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരം ഏകദേശം 240 ബില്യണ്‍ ഡോളറാണ്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് 500 ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയാണ് മോദിയും ട്രംപും ലക്ഷ്യമിടുന്നത്.