നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

Published by
ജനം വെബ്‌ഡെസ്ക്

നേപ്പാള്‍: വന്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറുന്നതിനിടെ നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി. ദാര്‍ചുല ജില്ലയില്‍ ഉണ്ടായ വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചൗലാനി നദിയുടെ ഒഴുക്ക് ഭാഗികമായി തടസപ്പെട്ടതോടെയാണ് താഴ്ന്ന പ്രദേശങ്ങളില്‍ ജാഗ്രത ശക്തമാക്കിയത്. അപി ഹിമാല്‍ ഗ്രാമപഞ്ചായത്തിലെ ഭട്ടാര്‍ മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. വന്‍തോതില്‍ മണ്ണും അവശിഷ്ടങ്ങളും നദിയിലേക്ക് പതിച്ചതോടെ ഒഴുക്ക് തടസപ്പെട്ടു. കൂടുതല്‍ മണ്ണിടിച്ചിലുണ്ടായാല്‍ നദി പൂര്‍ണമായി തടസപ്പെടാനും തുടര്‍ന്ന് വെള്ളം പെട്ടെന്ന് പുറത്തേക്ക് ഒഴുകി താഴ്ന്ന പ്രദേശങ്ങളില്‍ മിന്നല്‍പ്രളയത്തിന് കാരണമാകാനും സാധ്യതയുണ്ടെന്ന് ദാര്‍ചുല ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതിനായി സേനാംഗങ്ങള്‍ സജ്ജരായി തുടരുകയാണ്. സുദൂര്‍പശ്ചിം മുഖ്യമന്ത്രി ഖഗ്രരാജ് ഭട്ട പ്രാദേശിക ഭരണകൂടത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കും ഉയര്‍ന്ന ജാഗ്രത തുടരാനും അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറാകാനും നിര്‍ദേശം നല്‍കി. പ്രളയ-ദുരന്ത സഹായത്തിനായി അടിയന്തര ബന്ധപ്പെടല്‍ നമ്പറുകളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

നിലവില്‍ ചൗലാനി നദിയിലെ ജലനിരപ്പ് സാധാരണ നിലയിലാണെന്ന് നേപ്പാള്‍ ആംഡ് പൊലീസ് ഫോഴ്‌സ് അറിയിച്ചു. അതേസമയം, ബാലഞ്ചിലെ നേപ്പാള്‍ ചെമിലിയ ജലവൈദ്യുത പദ്ധതിയുടെ സുരക്ഷാ കേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ പ്രദേശത്ത് നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്. അപി ഹിമാല്‍ മേഖലയില്‍ നിന്ന് ഉത്ഭവിക്കുന്ന ചൗലാനി നദി ചെമിലിയ എന്ന പേരിലും അറിയപ്പെടുന്നു. പിന്നീട് മഹാകാളി നദിയില്‍ ചേരുന്ന ഈ നദി നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിയുടെ ഭാഗമായാണ് ഒഴുകുന്നത്.

Share