കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Published by
ജനം വെബ്‌ഡെസ്ക്

ശ്രീനഗര്‍: മധ്യ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ യൂസ്മാര്‍ഗിന്റെ മുകള്‍മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച പ്രദേശത്ത് സംയുക്ത തിരച്ചില്‍ ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു. സ്‌പെഷ്യല്‍ ഫോഴ്‌സും 53 രാഷ്‌ട്രീയ റൈഫിള്‍സും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇതിനിടെ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വെടിവയ്പുണ്ടായതായാണ് റിപ്പോര്‍ട്ട്.

ലഷ്‌കര്‍-ഇ-തൊയ്ബയുടെ സുലൈമാന്‍ മൂസ സംഘത്തിലെ അംഗമായിരുന്നു യാസിറെന്നാണ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏകദേശം ഒരു വര്‍ഷം മുമ്പ് ഇയാള്‍ സംഘത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് സ്വതന്ത്രമായി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നാണ് വിവരം. യൂസ്മാര്‍ഗ് മേഖലയില്‍ ഇയാളുടെ നീക്കങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയായിരുന്നു. പ്രദേശത്തെ ലഷ്‌കര്‍ പ്രവര്‍ത്തനങ്ങളില്‍ യാസിര്‍ പ്രധാന കണ്ണിയായി മാറിയിരുന്നുവെന്നും സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു.

യാസിര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇയാളുടെ ശൃംഖലയും മറ്റ് ലഷ്‌കര്‍ പ്രവര്‍ത്തകരുമായുള്ള ബന്ധവും സുരക്ഷാ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്. ജമ്മു കശ്മീരിലെ അടുത്തിടെ നടന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, സഹായം അല്ലെങ്കില്‍ മറ്റ് ഇടപെടലുകള്‍ എന്നിവയില്‍ യാസിറിന് പങ്കുണ്ടായിരുന്നോയെന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് യൂസ്മാര്‍ഗിലെ പുതിയ ഏറ്റുമുട്ടല്‍.

Share
Published by
ജനം വെബ്‌ഡെസ്ക്