കാഠ്മണ്ഡു: പ്രളയവും മണ്ണിടിച്ചിലും സൃഷ്ടിച്ച വന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളില്‍ വീണ്ടും രക്ഷാപ്രവര്‍ത്തകരുടെ നിര്‍ണായക നീക്കം. ദിവസങ്ങളോളം മണ്ണിനും അവശിഷ്ടങ്ങള്‍ക്കും ഇടയില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ശനിയാഴ്ച രണ്ട് പേരെ കൂടി ജീവനോടെ കണ്ടെത്തി. ഇതോടെ അടുത്ത ദിവസങ്ങളില്‍ രക്ഷപ്പെടുത്തിയ ജീവനുള്ളവരുടെ എണ്ണം നാലായി. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയുമാണ് രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തത്.
ട്രിഷൂലി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് പൗരനെയാണ് ഏറ്റവും ഒടുവില്‍ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച ഇതേ പദ്ധതിയിലെ തുരങ്കത്തില്‍ നിന്ന് രണ്ട് നേപ്പാള്‍ തൊഴിലാളികളെ ജീവനോടെ പുറത്തെടുത്തതിന് പിന്നാലെയുള്ള മൂന്നാമത്തെ രക്ഷാപ്രവര്‍ത്തനമാണിത്. നേപ്പാള്‍ സേനയും ദക്ഷിണ കൊറിയയില്‍ നിന്നുള്ള ദുരന്തനിവാരണ വിദഗ്ധരും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 225 മീറ്റര്‍ നീളമുള്ള തുരങ്കത്തില്‍ നിന്നാണ് തൊഴിലാളിയെ പുറത്തെടുത്തത്. തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി.
ലുഹൈതാവോ എന്നാണ് തൊഴിലാളിയുടെ പേര് അധികൃതര്‍ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടുത്തിയ ശേഷം ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. നുവാകോട്ട് ടൗണില്‍ തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയ 64കാരി ചന്ദിക ശ്രേഷ്ഠയെയും രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു. ചികിത്സയ്‌ക്കായി ഇവരെ ഹെലികോപ്റ്ററില്‍ കാഠ്മണ്ഡുവിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിലായി ഏകദേശം 900 തൊഴിലാളികളെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്നാണ് അധികൃതരുടെ കണക്ക്. ഇതില്‍ ഏകദേശം 500 പേര്‍ വിവിധ തുരങ്കങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍.