വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് കെഎസ്ഇബി. അന്തരീക്ഷ താപനില ഉയര്‍ന്നതോടെ വൈദ്യുതി ഉപയോഗം വര്‍ധിച്ചതും കേന്ദ്ര നിലയങ്ങളില്‍ നിന്നും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുമുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ഇബി വ്യക്തമാക്കി. വൈകിട്ട് 6 മുതല്‍ രാത്രി 12 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവശ്യാനുസരണം ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കും.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയര്‍ന്ന സാഹചര്യത്തിലാണ് ലഭ്യതയില്‍ കുറവ് നേരിടുന്നത്. ഏകദേശം 12,000 മെഗാവാട്ടിന്റെ കുറവ് തുടരുന്നതായാണ് കെഎസ്ഇബിയുടെ വിശദീകരണം. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാതെ വരികയോ ഗ്രിഡ് ഫ്രീക്വന്‍സി താഴുകയോ ചെയ്താല്‍ സംസ്ഥാനത്ത് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപഭോഗം ഉയര്‍ന്നുനില്‍ക്കുന്ന സമയമായ വൈകിട്ട് 6 മുതല്‍ രാത്രി 12 വരെയാണ് നിയന്ത്രണത്തിന് സാധ്യതയുള്ളത്. സാഹചര്യം വിലയിരുത്തിയാകും നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നും കെഎസ്ഇബി വ്യക്തമാക്കി.

Share