എല്‍വിഎം-3യ്‌ക്ക് കൂടുതല്‍ കരുത്ത്; 200 ടണ്‍ ത്രസ്റ്റില്‍ സെമി ക്രയോജനിക് എന്‍ജിന്‍ പരീക്ഷണം വിജയകരമാക്കി ഐഎസ്ആര്‍ഒ

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുന്ന സെമി ക്രയോജനിക് എന്‍ജിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ റിസര്‍ച്ച് കോംപ്ലക്‌സില്‍ സെപ്റ്റംബര്‍ 5നാണ് പുതിയ സെമി ക്രയോജനിക് എന്‍ജിന്‍ പവര്‍ഹെഡ് ടെസ്റ്റ് ആര്‍ട്ടിക്കിളിന്റെ (PHTA) ആദ്യ ഫുള്‍-ത്രസ്റ്റ് പരീക്ഷണം നടത്തിയത്. എന്‍ജിന്റെ പൂര്‍ണ്ണ ശേഷിയായ 200 ടണ്‍ ത്രസ്റ്റിലാണ് പരീക്ഷണം നടത്തിയത്.

ആകെ 35 സെക്കന്‍ഡ് നീണ്ട പരീക്ഷണത്തില്‍ അഞ്ച് സെക്കന്‍ഡ് എന്‍ജിന്‍ 200 ടണ്‍ ത്രസ്റ്റില്‍ പ്രവര്‍ത്തിച്ചു. പരീക്ഷണത്തിനിടെ എന്‍ജിന്റെ എല്ലാ പ്രധാന പാരാമീറ്ററുകളും മുന്‍കൂട്ടി കണക്കാക്കിയതുപോലെ കൃത്യമായി പ്രവര്‍ത്തിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. PHTA ഉപയോഗിച്ച് നടത്തുന്ന ഒന്‍പതാമത്തെ ഹോട്ട് ടെസ്റ്റാണിത്.

ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എല്‍വിഎം-3യുടെ പേലോഡ് ശേഷി വര്‍ധിപ്പിക്കുക എന്നതാണ് പുതിയ സെമി ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. നിലവില്‍ എല്‍വിഎം-3യില്‍ ഉപയോഗിക്കുന്ന L110 ലിക്വിഡ് കോര്‍ സ്റ്റേജിന് പകരമായി 2,000 കിലോന്യൂട്ടണ്‍ ക്ലാസ് ത്രസ്റ്റുള്ള സെമി ക്രയോജനിക് എന്‍ജിന്‍ ഉപയോഗിക്കുന്ന പുതിയ പ്രൊപ്പല്‍ഷന്‍ സ്റ്റേജ് വികസിപ്പിക്കാനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി.

ത്രസ്റ്റ് ചേംബര്‍ ഒഴികെയുള്ള എന്‍ജിന്റെ പ്രധാന സംവിധാനങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതാണ് PHTA. നിലവിലെ വിജയകരമായ പരീക്ഷണം വരുംഘട്ടങ്ങളില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ണായക ചുവടുവയ്പ്പാണ്.

ഭാരമേറിയ ഉപഗ്രഹങ്ങളും പേടകങ്ങളും ബഹിരാകാശത്ത് എത്തിക്കുന്ന ഭാവി ദൗത്യങ്ങള്‍ക്ക് ഈ സാങ്കേതിക മുന്നേറ്റം കൂടുതല്‍ കരുത്തേകുമെന്നാണ് പ്രതീക്ഷ. നിലവിലെ പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളെ അപേക്ഷിച്ച് സെമി ക്രയോജനിക് എന്‍ജിന്‍ കൂടുതല്‍ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ സാങ്കേതികവിദ്യയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു.

Share
Published by
ജനം വെബ്‌ഡെസ്ക്