ലക്നൗ: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ കളക്ടറേറ്റ് സമുച്ചയത്തില്‍ നിര്‍മിച്ച അനധികൃത മസ്ജിദ് അധികൃതര്‍ പൊളിച്ചുനീക്കിയതിന് പിന്നാലെ സ്ഥലത്ത് കിണര്‍ കണ്ടെത്തി. പള്ളിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണ് കിണര്‍ കണ്ടെത്തിയത്. മസ്ജിദ് നിര്‍മിച്ച സ്ഥലത്ത് നേരത്തെ തന്നെ കിണര്‍ ഉണ്ടായിരുന്നുവെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. മസ്ജിദിന്റെ അടിയിലാണ് കിണര്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് കിണര്‍ പുറത്തുവന്നതോടെ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
കിണര്‍ എപ്പോള്‍ നിര്‍മിച്ചതാണെന്നും ആരാണ് നിര്‍മിച്ചതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും. സംഭവസ്ഥലത്തെത്തിയ സഹാറന്‍പൂര്‍ സദര്‍ എസ്ഡിഎം സുബോധ് കുമാര്‍, ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ കിണറിന്റെ ചരിത്രം പരിശോധിക്കുമെന്ന് അറിയിച്ചു. അന്വേഷണത്തിലൂടെ കിണറിന് എത്ര പഴക്കമുണ്ടെന്നും മുമ്പ് അതിന്റെ അവസ്ഥ എന്തായിരുന്നുവെന്നും കണ്ടെത്താനാണ് നീക്കം. നിലവില്‍ കിണര്‍ സംരക്ഷിക്കുന്നതിനായി അധികൃതര്‍ മൂടിയിരിക്കുകയാണ്. രേഖകളും മറ്റ് ലഭ്യമായ വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും സ്ഥലത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുക.