സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ കോഴിക്കോട്; 11 വര്‍ഷത്തിന് ശേഷം ആതിഥേയരായി ജില്ല

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട് നടക്കും. ഏഴ് ദിവസം നീളുന്ന കായികമേളയുടെ പ്രധാന വേദി എന്‍ഐടി കാമ്പസിലെ സ്റ്റേഡിയമായിരിക്കും. നേരത്തെ ഒക്ടോബര്‍ 24 മുതല്‍ 29 വരെ കായികമേള നടത്തുമെന്നായിരുന്നു പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചിരുന്നത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. കായികമേളയുടെ സംഘാടക സമിതി യോഗം ഞായറാഴ്ച കോഴിക്കോട് ചേര്‍ന്നു. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ യോഗം ഉദ്ഘാടനം ചെയ്തു.

നേരത്തെ പ്രഖ്യാപിച്ച തീയതികളെക്കുറിച്ച് മന്ത്രിയോട് ചോദിച്ചപ്പോള്‍ അക്കാര്യം അറിയില്ലെന്നും തീയതി പ്രഖ്യാപിച്ചതില്‍ തെറ്റ് സംഭവിച്ചതാകാമെന്നുമായിരുന്നു പ്രതികരണം. 11 വര്‍ഷത്തിന് ശേഷമാണ് കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് ആതിഥേയത്വം വഹിക്കുന്നത്. നേരത്തെ കായികമേള കണ്ണൂര്‍ ജില്ലയ്‌ക്ക് അനുവദിച്ചിരുന്നെങ്കിലും വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് ചെറിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കോഴിക്കോടുള്ള സൗകര്യങ്ങള്‍ പരിഗണിച്ചാണ് ഇത്തവണ ജില്ലയെ വേദിയായി തെരഞ്ഞെടുത്തതെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, കണ്ണൂരിനെ ഒഴിവാക്കിയതില്‍ പരാതിയുണ്ടെങ്കില്‍ അടുത്ത തവണ പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചിരുന്നു.

Share