ചാലക്കുടി: മേലൂരിൽ യുവതിയെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ മീനു (37) ആണ് മരിച്ചത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു മീനു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടിൽനിന്ന് ബഹളം കേട്ട് സമീപവാസികൾ എത്തുമ്പോഴേക്കും മീനുവിന്റെ ശരീരത്തിലേക്ക് പൂർണമായി തീ പടർന്നിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് തീയണയ്‌ക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.