കണ്ണൂർ: സിപിഎം നേതാക്കൾ കോടികളുടെ സൊസൈറ്റി പിരിവ് നടത്താൻ വത്സൻ തില്ലങ്കേരിയുടെ പേര് പോലും ആയുധമാക്കി. ശശികല ടീച്ചറാണ് സോഷ്യൽ മീഡിയയിലൂടെ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവെച്ചത്.
ഇരിട്ടിയിൽ വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘പ്രഗതി’ ട്യൂട്ടോറിയൽ കോളജിന് ബദലായി പാർട്ടി നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരിലാണ് സിപിഎം പിരിവ് നടത്തിയത്. പ്രഗതിയിൽ പഠിക്കുന്ന മലയോര മേഖലയിലെ വിദ്യാർഥികളിൽ ഹിന്ദുത്വ ചിന്താഗതികൾ വളരുമെന്ന ആശങ്ക ഉയർത്തിയാണ് പ്രവർത്തകരിൽ നിന്ന് പണം സമാഹരിച്ചതെന്നും ശശികല ടീച്ചറുടെ പോസ്റ്റിൽ പറയുന്നു.
2015ൽ സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റിയുടെ പിന്തുണയോടെ ‘നോർത്ത് മലബാർ എജ്യുക്കേഷനൽ സൊസൈറ്റി’ എന്ന പേരിലാണ് ട്രസ്റ്റ് രജിസ്റ്റർ ചെയ്തതത്. പാർട്ടി പിന്തുണയോടെ സ്വാശ്രയ സെൽഫ് ഫിനാൻസിങ് കോളജ് ആരംഭിക്കുമെന്നായിരുന്നു വാഗ്ദാനം.
കേരളത്തിൽ ഇസ്ലാമിക മതപഠനം, ശരിയത്ത് നിയമം, സ്കൂൾ വിദ്യാഭ്യാസം, കോളജ് വിദ്യാഭ്യാസം, പ്രൊഫഷണൽ വിദ്യാഭ്യാസം എന്നിവ ഒരുമിച്ച് നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ടെന്ന് ശശികല ടീച്ചർ ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളിൽ ഇസ്ലാമിക ബോധം വളരുമെന്ന് ഭയന്ന് സിപിഎം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്നും ശശികല ടീച്ചർ ചോദിച്ചു.















