ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടിഎംസി) രാജ്യസഭാ എംപി മുഹമ്മദ് നദീമുൽ ഹഖുമായി ബന്ധപ്പെട്ട ഏഴ് കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഹഖിനറെ ഉടമസ്ഥതയിലുള്ള ഉർദു ദിനപത്രമായ ‘അഖ്ബർ-ഇ-മഷ്‌രിഖ്’ സംബന്ധിച്ച കള്ളപ്പണ ഇടപാട് അന്വേഷണത്തിന്റെ ഭാഗമായാണ് ഡൽഹി, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്.
ഇഡിയുടെ കൊൽക്കത്ത സോണൽ ഓഫീസിലെ ഉദ്യോഗസ്ഥരാണ് കൊൽക്കത്ത, ഡൽഹി, റാഞ്ചി എന്നിവിടങ്ങളിലെ ഏഴ് കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടത്തിയത്. കൊൽക്കത്ത പാർക്ക് സർക്കസിലെ ദർഗ റോഡിലുള്ള അഖ്ബർ-ഇ-മഷ്‌രിഖ് ഓഫീസിലും പരിശോധന നടന്നു. കേന്ദ്ര സേനയുടെ സുരക്ഷാ വലയത്തിലായിരുന്നു പരിശോധന. ഡൽഹിയിലെ നദീമുൽ ഹഖിന്റെ ഔദ്യോഗിക വസതിയിലും പരിശോധന നടന്നു. ടിഎംസി ഓഫീസിന്റെ താൽക്കാലിക പ്രവർത്തന കേന്ദ്രമായും ഈ വസതി ഉപയോഗിക്കുന്നുണ്ട്.
സാമുദായിക വിദ്വേഷം വളർത്തുന്ന ഉള്ളടക്കം
സാമുദായിക അസ്വസ്ഥതയും വിദ്വേഷവും വളർത്തുന്ന തരത്തിലുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്ന ആരോപണവും കേസിലുണ്ട്. ഇതിന് പുറമെ അനധികൃത സാമ്പത്തിക ഇടപാടുകൾ, കണക്കിൽപ്പെടാത്ത പണമിടപാടുകൾ, സംശയാസ്പദമായ ഉറവിടങ്ങളിൽ നിന്നുള്ള ഫണ്ടിംഗ് എന്നിവയും അന്വേഷണ പരിധിയിലുണ്ടെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്.
PMLA പ്രകാരമാണ് അന്വേഷണം
ബിധാനഗർ പൊലീസ് കമ്മീഷണറേറ്റ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) പ്രകാരം ഇഡി കേസ് രജിസ്റ്റർ ചെയ്തത്.
‘അഖ്ബർ-ഇ-മഷ്‌രിഖ്’ സംബന്ധിച്ച സാമ്പത്തിക രേഖകളും മറ്റ് രേഖകളും ഇഡി പരിശോധിക്കുന്നുണ്ട്. കൊൽക്കത്തയ്‌ക്ക് പുറമെ ഡൽഹി, റാഞ്ചി, അസൻസോൾ, സിലിഗുരി, ഭോപ്പാൽ, ലഖ്നൗ, ശ്രീനഗർ എന്നിവിടങ്ങളിൽ നിന്നാണ് ദിനപത്രം പ്രസിദ്ധീകരിക്കുന്നത്.















