തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ കൊല്ലം പുനലൂരിലാണ് ഏറ്റവും ഉയര്‍ന്ന 36.2 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്. കോട്ടയത്ത് 35.2 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. മഴ കുറഞ്ഞതും മേഘാവരണം ഇല്ലാത്തതുമാണ് പകല്‍ ചൂട് പെട്ടെന്ന് ഉയരാന്‍ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണം. നാളെ വരെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതേസമയം, വ്യാഴാഴ്ച മുതല്‍ മധ്യകേരളത്തിലെ ചില പ്രദേശങ്ങളില്‍ മഴയ്‌ക്ക് സാധ്യതയുണ്ട്.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. ദാഹമില്ലെങ്കിലും ഇടയ്‌ക്കിടെ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുകയും വേണം. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ഛഞട, സംഭാരം തുടങ്ങിയവ ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.
കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ 11 മുതല്‍ 3 വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണം. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളില്‍ മതിയായ വായുസഞ്ചാരവും ഉറപ്പാക്കണം. വെയില്‍ കൂടുതലുള്ള സമയത്തെ അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമം മാറ്റുകയോ വേണം. കുട്ടികളുമായി വിനോദയാത്ര നടത്തുന്ന സ്‌കൂളുകള്‍ ഉച്ചസമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കാത്ത സാഹചര്യം ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെ പൊതുപരിപാടികളും സമ്മേളനങ്ങളും കഴിയുന്നതും ഒഴിവാക്കണം. പരിപാടികള്‍ നടത്തേണ്ടിവന്നാല്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളവും തണലും ഉറപ്പാക്കണം. കന്നുകാലികളെ ഉച്ചവെയിലില്‍ മേയാന്‍ വിടുന്നതും വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ആവശ്യമായ വെള്ളം ലഭ്യമാക്കണം. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുതെന്നും മുന്നറിയിപ്പുണ്ട്.
അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ വിശ്രമിക്കുകയും ആവശ്യമായാല്‍ വൈദ്യസഹായം തേടുകയും വേണം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.