വഡോദര: വികസിത ഭാരതത്തിലേക്കുള്ള യാത്രയ്‌ക്ക് കൂടുതല്‍ വേഗം പകരുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഡോദരയില്‍ നടന്ന ‘നമോ ഫോര്‍ വികസിത് ഭാരത്’ പരിപാടിയില്‍ വന്‍ ജനക്കൂട്ടത്തിന്റെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി, വെസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന്റെ മൂന്ന് പ്രധാന ഭാഗങ്ങള്‍ രാജ്യത്തിന് സമര്‍പ്പിച്ചു. 20,700 കോടിയിലേറെ രൂപ ചെലവില്‍ 326 റൂട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്ന് ഭാഗങ്ങളാണ് പൂര്‍ത്തിയായത്. സനന്ദ് (നോര്‍ത്ത്)-മകാര്‍പുര, ന്യൂ ഉംബര്‍ഗാവ്-ന്യൂ സഫാലെ, ന്യൂ സഫാലെ-ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാന ഭാഗങ്ങള്‍.
ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ പദ്ധതി വര്‍ഷങ്ങളോളം ഫയലുകളില്‍ മാത്രം കറങ്ങിയെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. 2004ല്‍ പദ്ധതി ആലോചിച്ചെങ്കിലും 2014 വരെ കാര്യമായ പുരോഗതിയുണ്ടായില്ല എന്നാണ് മോദിയുടെ വിമര്‍ശനം. 2006ല്‍ പദ്ധതി നടപ്പാക്കുന്നതിനായി പ്രത്യേക കമ്പനി രൂപീകരിച്ചെങ്കിലും വര്‍ഷങ്ങളോളം പദ്ധതി മുന്നോട്ടുപോയില്ലെന്നും അദ്ദേഹം പറഞ്ഞു. ”ഏഴ്-എട്ട് വര്‍ഷം കൊണ്ട് ഒരു കിലോമീറ്റര്‍ പോലും പൂര്‍ത്തിയാക്കാനായില്ല” എന്നായിരുന്നു മുന്‍ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള മോദിയുടെ വിമര്‍ശനം.
2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ പദ്ധതിക്ക് പുതിയ വേഗം നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് തന്നെ അയച്ച ജനങ്ങളാണ് തന്റെ പ്രവര്‍ത്തനരീതിയെ രൂപപ്പെടുത്തിയത്. ഗുജറാത്തില്‍ നിന്ന് ലഭിച്ച അനുഭവങ്ങളും പാഠങ്ങളും രാജ്യത്തിന്റെ വികസനത്തിനായി ഡല്‍ഹിയിലെത്തിച്ചെന്നും മോദി പറഞ്ഞു.
വഡോദരയിലെ യുവാക്കളെയും പ്രത്യേകിച്ച് ജെന്‍ സി വിഭാഗത്തെയും അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയാണ് പരിപാടിയെന്ന് പറഞ്ഞു.
വികസിത ഭാരതത്തിലേക്കുള്ള യാത്ര കൂടുതല്‍ വേഗത്തിലാക്കാനാണ് താന്‍ വഡോദരയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വളര്‍ച്ചയും വിവിധ മേഖലകളിലെ പങ്കാളിത്തവുമാണ് പരിപാടിയിലൂടെ ആഘോഷിക്കുന്നതെന്നും മോദി പറഞ്ഞു.