ന്യൂഡൽഹി: സായുധ സേനയുടെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്താൻ വൻ പദ്ധതികളുമായി കേന്ദ്രസർക്കാർ. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) ഏകദേശം 1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നിർദേശങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകി.
കരസേന, നാവികസേന, വ്യോമസേന എന്നിവയ്‌ക്കാവശ്യമായ അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടുന്നതാണ് അംഗീകാരം. ഹെലികോപ്റ്ററുകൾ, റഡാറുകൾ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, അതിവേഗ സൈനിക വാഹനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
സുഖോയ്-30ൽ റഷ്യൻ ദീർഘദൂര മിസൈൽ
റഷ്യൻ നിർമിത RVV-BD ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ സുഖോയ്-30 MKI യുദ്ധവിമാനങ്ങളുമായി സംയോജിപ്പിക്കുന്ന പൈലറ്റ് പദ്ധതിയും വ്യോമസേന പരിഗണിക്കും. ശത്രുസേനയുടെ റഡാറുകളെ ജാം ചെയ്യുന്നതിനും ഇലക്ട്രോണിക് യുദ്ധശേഷി വർധിപ്പിക്കുന്നതിനുമായി Ground-Based Multi-Purpose Jammer (GBMPJ) വാങ്ങുന്നതിനും അനുമതി നൽകി.
കരസേനയ്‌ക്ക് പുതിയ സംവിധാനങ്ങൾ
അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, രാസ-ജൈവ-റേഡിയോളജിക്കൽ-ആണവ ഭീഷണികൾ കണ്ടെത്തുന്ന സംവിധാനം, ഹൈ മൊബിലിറ്റി വാഹനങ്ങൾ, സ്വയം പ്രവർത്തിക്കുന്ന മെക്കാനിക്കൽ മൈൻ ലെയറുകൾ, ട്രോൾ ടാങ്കുകൾ, സർവത്ര ബ്രിഡ്ജ് സിസ്റ്റം എന്നിവയാണ് കരസേനയ്‌ക്കായി പരിഗണിക്കുന്നത്.
പ്രയാസകരമായ ഭൂപ്രദേശങ്ങളിലെ സൈനിക നീക്കങ്ങളും ലോജിസ്റ്റിക്സും വേഗത്തിലാക്കാൻ ഹൈ മൊബിലിറ്റി വാഹനങ്ങൾ സഹായിക്കും. സൈനിക നീക്കത്തിനിടെ ദുഷ്കരമായ പ്രദേശങ്ങൾ മറികടക്കാൻ ട്രോൾ ടാങ്കുകളും സർവത്ര ബ്രിഡ്ജ് സിസ്റ്റവും സഹായകമാകും.
നാവികസേനയ്‌ക്കും അത്യാധുനിക റഡാറുകൾ
നാവികസേനയിലെ വിവിധ എയർ സ്റ്റേഷനുകളിലുള്ള പഴയ എയർ-റൂട്ട് സർവെയ്‌ലൻസ് റഡാറുകൾക്ക് പകരമായി അരുധ്ര റഡാറുകൾ എത്തിക്കും. യുദ്ധക്കപ്പലുകളുടെ പ്രൊപ്പൽഷൻ സംവിധാനങ്ങളിൽ വിദേശ ആശ്രിതത്വം കുറയ്‌ക്കുന്നതിനായി മറൈൻ ഗ്യാസ് ടർബൈനുകളുടെ രൂപകൽപ്പനയും വികസനത്തിനും അംഗീകരമായിട്ടുണ്ട്..
98 ശതമാനം വാങ്ങലും ഇന്ത്യൻ കമ്പനികളിൽ നിന്ന്
പുതിയ പ്രതിരോധ പദ്ധതിയുടെ പ്രധാന പ്രത്യേകത ആഭ്യന്തര പ്രതിരോധ ഉൽപ്പാദനത്തിന് നൽകിയ പ്രാധാന്യമാണ്. അംഗീകാരം ലഭിച്ച പദ്ധതികളിലെ ഏകദേശം 98 ശതമാനം സംഭരണവും ഇന്ത്യൻ വ്യവസായങ്ങളിൽ നിന്നായിരിക്കും. മേക്ക് ഇൻ ഇന്ത്യ’, ആത്മനിർഭർ ഭാരത് പദ്ധതികൾക്ക് കൂടുതൽ കരുത്തേകുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിലൂടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ ഇറക്കുമതിയിലെ ആശ്രിതത്വം കുറയ്‌ക്കാനാണ് ശ്രമം.
2029ഓടെ പ്രതിരോധ ഉൽപ്പാദനം 3 ലക്ഷം കോടി
തേജസ്, പ്രോജക്ട് കുഷ, സ്വദേശീയ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം തുടങ്ങിയ പദ്ധതികളിലൂടെ ഇന്ത്യയുടെ പ്രതിരോധ നിർമാണ മേഖല വിപുലപ്പെടുത്തുകയാണ് കേന്ദ്രസർക്കാർ. 2029ഓടെ രാജ്യത്തെ വാർഷിക പ്രതിരോധ ഉൽപ്പാദനം 3 ലക്ഷം കോടി രൂപയിലെത്തിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.