വാഷിങ്ടൺ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഖാർഗ് ദ്വീപിന് സമീപം ഇറാന്റെ അഞ്ച് ക്രൂഡ് ഓയിൽ കപ്പലുകൾ അമേരിക്ക തകർത്തു. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിന് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) രണ്ട് തവണ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ശ്രമിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ തിരിച്ചടി.
യുഎസ് സെൻട്രൽ കമാൻഡാണ് (CENTCOM) കപ്പലുകൾ തകർത്ത വിവരം പുറത്തുവിട്ടത്. ഇറാന്റെ മിസൈൽ ആക്രമണശ്രമങ്ങൾ യുഎസ് യുദ്ധക്കപ്പൽ വിജയകരമായി മറികടന്നതായും അമേരിക്കൻ സൈനികർക്ക് പരിക്കേൽക്കുകയോ കപ്പലിന് പ്രവർത്തനപരമായ തകരാർ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും CENTCOM അറിയിച്ചു. ഇറാന്റെ സ്റ്റേറ്റ് ബന്ധമുള്ള സമുദ്രഗതാഗത ശൃംഖലയിലെ അഞ്ച് കപ്പലുകൾക്കെതിരെയാണ് അമേരിക്ക ഏകോപിത ആക്രമണം നടത്തിയത്. M/T Kaviz, M/T Charminar, M/T Horizon 1, M/T Riesco എന്നീ നാല് എണ്ണക്കപ്പലുകൾ ഗൾഫ് ഓഫ് ഒമാനിൽ തകർത്തു. M/T Derya എന്ന അഞ്ചാമത്തെ കപ്പൽ ഖാർഗ് ദ്വീപിന് സമീപമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് മുമ്പ് അഞ്ച് കപ്പലുകളിലെയും ജീവനക്കാരോട് ഒഴിഞ്ഞുപോകാൻ അമേരിക്ക നിർദേശം നൽകിയിരുന്നതായും CENTCOM വ്യക്തമാക്കി. ഇറാൻ കോടിക്കണക്കിന് ഡോളർ വരുന്ന രഹസ്യ ശൃംഖലയിലൂടെ IRGCയ്‌ക്കും മേഖലയിലെ അനുബന്ധ സായുധസംഘങ്ങൾക്കും ധനസഹായം നൽകാൻ ഈ കപ്പലുകൾ ഉപയോഗിച്ചിരുന്നതായും CENTCOM ആരോപിച്ചു.
ഇറാന്റെ സമുദ്ര അടിസ്ഥാനസൗകര്യങ്ങൾക്കെതിരായ അമേരിക്കയുടെ മൂന്ന് ദിവസത്തിനിടയിലെ രണ്ടാമത്തെ വലിയ ആക്രമണമാണിത്. സെപ്റ്റംബർ അഞ്ചിന് മൂന്ന് ഇറാനിയൻ ക്രൂഡ് ഓയിൽ കപ്പലുകൾ കൂടി അമേരിക്ക തകർത്തിരുന്നു. യുഎസ് വിമാനവാഹിനിക്കപ്പലിനും ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറിനും നേരെ IRGC ആക്രമണത്തിന് ശ്രമിച്ചതിന് പിന്നാലെയായിരുന്നു അന്നത്തെ ആക്രമണം.
ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാനും തിരിച്ചടിച്ചു. ജോർദാനിലെ യുഎസ് നിയന്ത്രണത്തിലുള്ള അൽ അസ്റാഖ് വ്യോമതാവളത്തിനും രണ്ട് അമേരിക്കൻ നാവികസേനാ യുദ്ധക്കപ്പലുകൾക്കും നേരെ IRGC ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ‘യാ ഹൈദർ കറാർ’ എന്ന പേരിലാണ് സൈനിക നടപടി നടത്തിയതെന്ന് IRGC അറിയിച്ചു. ഇറാന്റെ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് മിസൈൽ ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കി.
അൽ അസ്റാഖ് വ്യോമതാവളത്തിലെ F-35, F-16, F-15 യുദ്ധവിമാനങ്ങൾ സൂക്ഷിച്ചിരുന്ന ഹാംഗറുകളും ഷെൽട്ടറുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് IRGCയുടെ അവകാശവാദം. ക്രൂസ് മിസൈലുകളും ഏജിസ് സംവിധാനവുമുള്ള DDG-119, DDG-53 എന്നീ അമേരിക്കൻ യുദ്ധക്കപ്പലുകളും ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ലക്ഷ്യമിട്ടതായും IRGC വ്യക്തമാക്കി.