ന്യൂഡൽഹി: വെറും 2 കോടിയിൽ താഴെ ബജറ്റിൽ നിർമിച്ച ചിത്രം. റിലീസ് ചെയ്തത് വെറും 25 തിയറ്ററുകളിൽ. ആദ്യദിന കളക്ഷൻ വെറും 10 ലക്ഷം. എന്നാൽ ഇന്ന് ചിത്രം ബോക്സ് ഓഫീസിൽ കോടികൾ വാരുകയാണ്. നീം കരോളി ബാബയുടെ ജീവിതത്തെ ആസ്പദമാക്കിയ ‘ഹനുമാൻ അംശ്’ ആണ് 2026ലെ ഏറ്റവും വലിയ സ്ലീപ്പർ ഹിറ്റുകളിലൊന്നായി മാറുന്നത്. സെപ്റ്റംബർ 11ന് ചിത്രം ആഗോളതലത്തിലും റിലീസ് ചെയ്യും.
ഡോ. വിശാൽ ചതുർവേദി സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്ത ചിത്രമാണ് ‘ഹനുമാൻ അംശ്’. അദ്ദേഹത്തിന്റെ ‘Divine Detour: That Changed My Life’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശോഭിനവ് സത്യയാണ് നീം കരോളി ബാബയായി വേഷമിടുന്നത്. ചന്ദൻ ആനന്ദും പ്രധാന വേഷത്തിലുണ്ട്.
റിലീസ് ചെയ്ത് 32 ദിവസം പിന്നിടുമ്പോൾ ചിത്രം 132 കോടി നെറ്റ് കളക്ഷൻ നേടി. ഗ്രോസ് കളക്ഷൻ ഏകദേശം 156.20 കോടിയാണ്. മുടക്കുമുതലിന്റെ 60 മടങ്ങിലേറെ വരുമാനം നേടിയ ചിത്രം അഞ്ചാം ആഴ്ചയിലും മികച്ച പ്രകടനം തുടരുകയാണ്.
ആദ്യ രണ്ട് ആഴ്ചകളിൽ കാര്യമായ മുന്നേറ്റമുണ്ടായിരുന്നില്ല. എന്നാൽ മൂന്നാം ആഴ്ച മുതൽ കളക്ഷൻ കുതിച്ചുയർന്നു. അഞ്ചാം വാരാന്ത്യത്തിൽ മാത്രം 49.25 കോടി നേടി. വെള്ളിയാഴ്ച 10 കോടി, ശനിയാഴ്ച 16.50 കോടി, ഞായറാഴ്ച 22.75 കോടി എന്നിങ്ങനെയായിരുന്നു കളക്ഷൻ.
നീം കരോളി ബാബയുടെ ജീവിതം വെള്ളിത്തിരയിൽ
ഡോ. വിശാൽ ചതുർവേദി സംവിധാനം ചെയ്ത ചിത്രം നീം കരോളി ബാബയുടെ ആത്മീയ യാത്രയാണ് പറയുന്നത്. അമ്മയുടെ മരണത്തിന് പിന്നാലെ ദൈവത്തെ തേടി വീടുവിട്ടിറങ്ങുന്ന ലക്ഷ്മി നാരായണന്റെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. പിന്നീട് അദ്ദേഹം നീം കരോളി ബാബയായി മാറുന്നു. 1973 സെപ്റ്റംബർ 10നാണ് നീം കരോളി ബാബ അന്തരിച്ചത്. വൃന്ദാവനിലാണ് അദ്ദേഹം സമാധിയായത്.
നീം കരോളി ബാബയുടെ പേര് ഏറ്റവും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത് ഉത്തരാഖണ്ഡിലെ കൈൻചി ധാമുമായാണ്. കോസി നദിയുടെ തീരത്തുള്ള ഈ ആശ്രമം പിന്നീട് ലോകമെമ്പാടുമുള്ള ആത്മീയാന്വേഷകരുടെ പ്രധാന കേന്ദ്രമായി മാറി. മാർക്ക് സക്കർബർഗ്, സ്റ്റീവ് ജോബ്സ്, ജൂലിയ റോബർട്സ് തുടങ്ങിയ പ്രമുഖരുടെ ആത്മീയ ഗുരുവാണ് അദ്ദേഹം.