ലക്ഷ്യമിട്ടത് ചാന്ദ്‌നി ചൗക്കിലെ ക്ഷേത്രം; കനത്ത ട്രാഫിക് പ്ലാൻ മാറ്റിച്ചു, ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി (NIA). സ്ഫോടക വസ്തുക്കൾ നിറച്ച ഹ്യുണ്ടായി i20 കാർ ആദ്യം ചാന്ദ്‌നി ചൗക്കിലെ ലാൽ മന്ദിറിന് സമീപം പാർക്ക് ചെയ്യാനായിരുന്നു ചാവേർ ഉമർ-ഉൻ-നബിയുടെ പദ്ധതിയെന്നാണ് എൻഐഎ ചാർജ്‌ഷീറ്റിലെ കണ്ടെത്തൽ.

എന്നാൽ പ്രദേശത്തെ കനത്ത ഗതാഗതക്കുരുക്കും പൊലീസ് സാന്നിധ്യവും കാരണം പദ്ധതി മാറ്റേണ്ടിവന്നു. നവംബർ 10ന് വൈകിട്ട് 6.37ഓടെ ഉമർ കാർ ലാൽ മന്ദിറിന് സമീപം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും എ ശേഖരിച്ചിട്ടുണ്ട്. പിന്നീട് U-ടേൺ എടുത്ത് റെഡ് ഫോർട്ടിലേക്ക് പോയ കാർ വൈകിട്ട് 6.50ഓടെ ഗേറ്റ് നമ്പർ നാലിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു.

ദേശീയ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ വാഹനാധിഷ്ഠിത IED (VBIED) ആക്രമണമെന്നാണ് സംഭവത്തെ NIA വിശേഷിപ്പിക്കുന്നത്. ആക്രമണത്തിന്റെ ആസൂത്രണം, പ്രതികളുടെ നീക്കങ്ങൾ, സ്ഫോടനം നടപ്പാക്കിയ രീതി എന്നിവ ചാർജ്‌ഷീറ്റിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ചെരുപ്പിൽ ഒളിപ്പിച്ച റിമോട്ട് സംവിധാനം
ഉമർ ധരിച്ചിരുന്ന ചെരുപ്പിലൊളിപ്പിച്ച റിമോട്ട് സംവിധാനത്തിലൂടെയാണ് IED പൊട്ടിത്തെറിച്ചത്. ഹ്യുണ്ടായി i20ന് സമീപത്തുനിന്ന് ഒരു ചെരുപ്പിന്റെ ഹീലിൽ ഘടിപ്പിച്ചിരുന്ന ലോഹഭാഗം കണ്ടെത്തി. പരിശോധനയിൽ TATP, പൊട്ടാസ്യം, അമോണിയം നൈട്രേറ്റ് തുടങ്ങിയ സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായും ചാർജ്‌ഷീറ്റിൽ പറയുന്നു.

വാഹനത്തിൽനിന്ന് ജൈവസാമ്പിളുകളും അന്വേഷണ സംഘം ശേഖരിച്ചു. കാറിനുള്ളിൽനിന്ന് ലഭിച്ച മൂക്കിലെ സ്വാബിന്റെ ഡിഎൻഎ ഉമറിന്റെ മാതാപിതാക്കളുടെ ഡിഎൻഎയുമായി പൊരുത്തപ്പെട്ടതായും NIA വ്യക്തമാക്കി. ഇതുവഴി സ്ഫോടനത്തിന് പിന്നിലെ വ്യക്തിയെ തിരിച്ചറിയാൻ അന്വേഷണ സംഘത്തിന് സാധിച്ചു.

ഫരീദാബാദിൽ ഉമറിന്റെ കൂട്ടാളികളിൽനിന്ന് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കളിലും സമാനമായ രാസഘടകങ്ങൾ കണ്ടെത്തിയതായി NIA പറഞ്ഞു. ജമ്മു കശ്മീരിലെ നൗഗാം സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇവ പിടിച്ചെടുത്തത്.

മുറിയിൽ സൂക്ഷിച്ചത് സ്ഫോടക വസ്തുക്കൾ?
ഭീകരസംഘം സ്ഫോടക വസ്തുക്കൾ തയ്യാറാക്കുകയും സൂക്ഷിക്കുകയും ചെയ്ത രീതിയെക്കുറിച്ചുള്ള തെളിവുകളും ചാർജ്‌ഷീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉമർ താമസിച്ചിരുന്ന മുറി എപ്പോഴും വളരെ തണുപ്പിച്ച് സൂക്ഷിച്ചിരുന്നതായും മുറിയിൽനിന്ന് പലപ്പോഴും രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായും സാക്ഷികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളിലും സ്ഫോടക വസ്തുക്കൾ തയ്യാറാക്കുന്നതിനുള്ള രീതികളെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നു.  യൂറിയ നൈട്രേറ്റുമായി ബന്ധപ്പെട്ട രീതികളും മൂത്രത്തിൽനിന്ന് യൂറിയ നേടുന്നതിനെക്കുറിച്ചുള്ള പരാമർശങ്ങളും രേഖയിലുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

നുഹിലെ ഒരു വീട്ടിൽ ഒളിച്ചിരിക്കുമ്പോൾ സ്വന്തം മൂത്രം പുറത്തുകളയാതെ പോളിത്തീൻ കവറിൽ സൂക്ഷിച്ചിരുന്നതായും ചാർജ്‌ഷീറ്റിലുണ്ട്. വീട്ടുടമയായ സ്ത്രീ ദുർഗന്ധം ശ്രദ്ധിച്ചതിനെ തുടർന്ന് ഭർത്താവിനെ വിവരമറിയിച്ചതായും NIA പറയുന്നു.

‘Lone Mujahid Pocket Book’ എന്ന പേരിലുള്ള ഭീകരവാദ മാനുവലും അന്വേഷണ സംഘം ഉമർ നബിയുടെ താമസസ്ഥലത്ത് നിന്നും കണ്ടെത്തി. അൽഖ്വയ്ദയുടെ അറേബ്യൻ ഉപദ്വീപ് ഘടകമായ AQAPയുമായി ബന്ധമുള്ള ‘Inspire’ മാസികയിലാണ് ഇത് പ്രസിദ്ധീകരിച്ചത്.

 

 

Share