പരമ്പരാഗത ജോലികളിലേക്കും സാങ്കേതികവിദ്യ കടന്നുവരുന്നതിന്റെ മറ്റൊരു ഉദാഹരണമായി മെഹന്ദി ഇടുന്ന യന്ത്രത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. വ്യവസായി ഹർഷ് ഗോയങ്കയാണ് വീഡിയോ എക്സിൽ പങ്കുവെച്ചത്.
വീഡിയോയിൽ ഒരു യുവതി കൈ യന്ത്രത്തിനുള്ളിലേക്ക് വയ്‌ക്കുന്നതും യന്ത്രം സ്വയമേവ കൈയിൽ മനോഹരമായ മെഹന്ദി ഡിസൈൻ വരയ്‌ക്കുന്നതുമാണ് കാണുന്നത്. കാര്യമായ മനുഷ്യ ഇടപെടലില്ലാതെയാണ് യന്ത്രം മെഹന്ദി ഡിസൈൻ തയ്യാറാക്കുന്നത്.
വീഡിയോ പങ്കുവെച്ചുകൊണ്ട് ഹർഷ് ഗോയങ്ക കുറിച്ചത് “Some more jobs gone” എന്നായിരുന്നു. ഇതോടെ പരമ്പരാഗതമായി മനുഷ്യർ ചെയ്തുവരുന്ന ജോലികൾ പോലും യന്ത്രങ്ങൾ ഏറ്റെടുക്കുന്ന സാഹചര്യത്തെക്കുറിച്ച് ചർച്ചകൾ സജീവമായി.
വിവാഹങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയ അവസരങ്ങളിൽ ഏറെ മെഹന്ദി ആർട്ടിസ്റ്റുകൾക്ക് പിടിവലിയാണ്. എന്നാൽ ഇത്തരം സാങ്കേതികവിദ്യകൾ പരമ്പരാഗതമായി ഈ തൊഴിൽ ആശ്രയിച്ച് കഴിയുന്നവരുടെ ഉപജീവനത്തെ ബാധിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. വ്യവസായ മേഖലകളിൽ മാത്രം ഒതുങ്ങിയിരുന്ന ഓട്ടോമേഷൻ ഇപ്പോൾ ദൈനംദിന സേവനങ്ങളിലേക്കും എത്തുന്നതിന്റെ ഉദാഹരണമായാണ് പലരും ഇതിനെ വിലയിരുത്തുന്നത്.
അതേസമയം, ഹർഷ് ഗോയങ്കയുടെ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മെഹന്ദി ആർട്ടിസ്റ്റുകൾക്ക് ഈ യന്ത്രത്തെ ഭയക്കേണ്ട സാഹചര്യമില്ലെന്നാണ് ചിലരുടെ അഭിപ്രായം. “വിവാഹത്തിന് മുമ്പ് സൂചിപോലെയുള്ള യന്ത്രത്തിനടിയിൽ കൈ വയ്‌ക്കാൻ സ്ത്രീകൾ തയ്യാറാകുമോ? എന്നായിരുന്നു ഒരാളുടെ പ്രതികരണം.
അതേസമയം, യന്ത്രവൽക്കരണം ജോലികൾ ഇല്ലാതാക്കുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇത്തരം യന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും നിരവധി എൻജിനീയറിങ് മേഖലകളിൽ മനുഷ്യരുടെ പങ്കാളിത്തം ആവശ്യമാണെന്നും അതുവഴി പുതിയ അവസരങ്ങൾ ഉണ്ടാകുമെന്നും മറ്റൊരാൾ പ്രതികരിച്ചു.