റോഡിനായി ക്ഷേത്രം പൊളിച്ചു, പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ഇളകാതെ ഹനുമാൻ വിഗ്രഹം; ഉജ്ജയിനിയിലെ പ്രതിഷ്ഠയ്‌ക്ക് താഴെ എന്ത്? ഐഐടി വിദഗ്ധരുടെ സേവനം തേടി ജില്ലാഭരണകൂടം

Published by
ജനം വെബ്‌ഡെസ്ക്

ഉജ്ജയിൻ: റോഡ് വികസനത്തിനായി ക്ഷേത്രം പൊളിച്ചുനീക്കിയിട്ടും എട്ട് അടി ഉയരമുള്ള ഖഡേ ഹനുമാൻ വിഗ്രഹം മാറ്റാനാകാതെ അധികൃതർ. മഹാകുംഭമേളയായ സിംഹസ്ഥ 2028ന് മുന്നോടിയായി  റോഡ് വീതി കൂട്ടുന്നതിനിടെയാണ് വിഗ്രഹം പുതിയ വെല്ലുവിളിയായി മാറിയത്.

ഉജ്ജയിനിയിലെ ബഡാ സരാഫാ മാർക്കറ്റിലാണ് അപൂർവ സാഹചര്യം. കാന്തൽ മുതൽ ഗോപാൽ മന്ദിർ വരെയുള്ള ഏകദേശം 450 മീറ്റർ റോഡ് ഒമ്പത് മീറ്ററിൽ നിന്ന് 15 മീറ്ററായി വികസിപ്പിക്കാനാണ് പദ്ധതി. ഇതിനായി മൂന്ന് മതസ്ഥാപനങ്ങൾ ഇതിനകം മാറ്റിയിട്ടുണ്ട്. എന്നാൽ ഖഡേ ഹനുമാൻ വിഗ്രഹം ഇപ്പോഴും അതേ സ്ഥലത്ത് തുടരുകയാണ്.

വിഗ്രഹത്തിന് താഴെ പുരാതന ഘടന?
വിഗ്രഹം ഭൂമിക്കടിയിലെ കല്ലുകൊണ്ടുള്ള  ഏതോ പുരാതന ഘടനയുമായി പരസ്പരം പൂട്ടിയിരിക്കുന്ന രീതിയിൽ ബന്ധിപ്പിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. അതിനാൽ വിഗ്രഹം ഇളക്കി മാറ്റുന്നത് എളുപ്പമല്ലെന്നാണ് വിലയിരുത്തൽ.

ഇക്കാര്യം വിശദമായി പരിശോധിക്കാൻ ഇൻഡോറിലെ ശ്രീ ഗോവിന്ദ്‌റാം സെക്സാരിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (SGSITS), ഐഐടി എന്നിവിടങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. വിശദമായ പരിശോധന പൂർത്തിയാകുന്നതുവരെ വിഗ്രഹവുമായി ബന്ധപ്പെട്ട തുടർനടപടികൾ ഉണ്ടാകില്ലെന്ന് മുനിസിപ്പൽ അഡീഷണൽ കമ്മീഷണർ സന്തോഷ് ടാഗോർ വ്യക്തമാക്കി.

വിഗ്രഹം മാറ്റുന്നതിനായി ചത്രി ചൗക്കിലെ പഴയ ജലസംഭരണിക്ക് സമീപം പുതിയ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വിഗ്രഹം സ്ഥാപിക്കുന്നതിനുള്ള പീഠവും ഒരുക്കിത്തുടങ്ങി. എന്നാൽ വിദഗ്ധരുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ മാറ്റിവെക്കൽ നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്.

1000 വർഷം പഴക്കം?
പുരാവസ്തു ഗവേഷകനായ  രമൺ സൊളങ്കി കഴിഞ്ഞ ദിവസം സ്ഥലം പരിശോധിച്ചിരുന്നു. വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് മാൽവ മേഖലയിലെ ബസാൾട്ട് കല്ലുകൊണ്ടാകാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. വിഗ്രഹം പരമാര രാജവംശത്തിന്റെ കാലത്ത് നിർമ്മിച്ചതാകാമെന്നും ഏകദേശം 1,000 വർഷം വരെ പഴക്കമുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിന്റെ ചുമരുകളും ഗോപുരവും പൊളിച്ചുനീക്കിയെങ്കിലും വിഗ്രഹത്തിന് മുന്നിലെ ആരാധനയ്‌ക്ക് മുടക്കമില്ല. പുരോഹിതൻ മഹേഷ് ബൈരാഗി ഇപ്പോഴും ദിവസവും പൂജകൾ നടത്തുന്നുണ്ട്. ഭക്തരും ഇവിടെ എത്തി ദർശനം നടത്തുന്നു.

വിഗ്രഹത്തിന് സമീപം സുരക്ഷയ്‌ക്കായി പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. അതേസമയം, “വിഗ്രഹത്തിന്റെ കാലിനടിയിൽ എന്താണുള്ളത്?” എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയ ശേഷമേ അടുത്ത നീക്കമുണ്ടാകൂ എന്ന നിലപാടിലാണ് ഭരണകൂടം

Share