മൊബൈലിൽ ചാറ്റ് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; ബിയർ കുപ്പികൊണ്ട് അടിച്ച് ഭാര്യയെ കൊലപ്പെടുത്തി, പിന്നാലെ ഭർത്താവും ജീവനൊടുക്കി

Published by
ജനം വെബ്‌ഡെസ്ക്

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരുവിലെ വിഭൂതിപുരയിലെ വസതിയിൽ ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷമാണ് സംഭവം.

ദാവണഗെര സ്വദേശികളായ എം. രാഘവേന്ദ്ര (38), ഭാര്യ ശ്രുതി ആർ. (35) എന്നിവരാണ് മരിച്ചത്. ഏകദേശം 15 വർഷമായി ബെംഗളൂരുവിൽ താമസിച്ചുവരികയായിരുന്നു ദമ്പതികൾ. ശ്രുതി വീട്ടുജോലികൾ ചെയ്തുവരികയായിരുന്നു.

ദമ്പതികളുടെ രണ്ട് മക്കളും നിലവിൽ ദാവണഗെരയിലുള്ള ശ്രുതിയുടെ മാതാപിതാക്കൾക്കൊപ്പമാണ്.  പ്രാഥമിക വിവരങ്ങൾ പ്രകാരം, രാഘവേന്ദ്ര ആദ്യം ബിയർ കുപ്പി ഉപയോഗിച്ച് ശ്രുതിയുടെ തലയ്‌ക്ക് അടിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ശേഷം യുവാവ് ശ്രുതിയുടെ സാരി ഉപയോഗിച്ച് വീട്ടിലെ മേൽക്കൂരയിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

രാഘവേന്ദ്രയ്‌ക്ക് ഭാര്യയെ സംശയമാണെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു. മറ്റുള്ളവരുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനും ചാറ്റ് ചെയ്യുന്നതിനും ശ്രുതി കൂടുതൽ സമയം ചെലവഴിക്കുന്നുവെന്ന് ആരോപിച്ച് ഇയാൾ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ ഹാൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Share