പവർകട്ടിന് മുമ്പേ മൊബൈലിൽ മെസേജ് എത്തും; കൺസ്യൂമർ നമ്പറിലെ രജിസ്റ്റേഡ് ഫോണിൽ നിയന്ത്രണ സമയം അറിയാം, ആദ്യഘട്ടം തിരുവനന്തപുരത്ത്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിന്റെ സമയമറിയാൻ ഇനി പവർകട്ട് ഉണ്ടാകുന്നതുവരെ കാത്തിരിക്കേണ്ട. വൈദ്യുതി നിയന്ത്രണത്തിന് മുന്നോടിയായി ഉപഭോക്താക്കളുടെ മൊബൈൽ ഫോണിൽ SMS സന്ദേശമെത്തുന്ന സംവിധാനം കെഎസ്ഇബി ഏർപ്പെടുത്തി. ഏത് സമയത്താണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുകയെന്ന് മുൻകൂട്ടി അറിയിക്കുന്ന സംവിധാനമാണ് നടപ്പാക്കുന്നത്.

കൺസ്യൂമർ നമ്പറിനൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോൺ നമ്പറിലേക്കാണ് സന്ദേശം ലഭിക്കുക. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന സമയവും ഇതിലൂടെ അറിയാൻ കഴിയും. കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെയാണ് SMS സൗകര്യം ഒരുക്കിയിരിക്കുന്നത്.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് സംവിധാനം നടപ്പാക്കുന്നത്. തുടർന്ന് നാളെയും മറ്റന്നാളുമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. ഇതോടെ മുന്നറിയിപ്പില്ലാതെ രാത്രിയിലും മറ്റും ഉണ്ടാകുന്ന വൈദ്യുതി നിയന്ത്രണം സംബന്ധിച്ച ഉപഭോക്താക്കളുടെ ആശങ്കയ്‌ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെയാണ് നിയന്ത്രണം കടുപ്പിച്ചത്. പല മേഖലകളിലും അസാധാരണ സമയങ്ങളിൽ വൈദ്യുതി മുടങ്ങുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പ്രത്യേകിച്ച് രാത്രിയിൽ പലതവണ മുന്നറിയിപ്പില്ലാതെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത് ജനജീവിതത്തെ കാര്യമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണ സമയം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ആരംഭിക്കുന്നത്.

അതേസമയം, വൈദ്യുതി പ്രതിസന്ധി എപ്പോൾ അവസാനിക്കുമെന്ന കാര്യത്തിൽ സർക്കാരിന്റെയും കെഎസ്ഇബിയുടെയും നിലപാടുകളിൽ വ്യത്യാസം തുടരുകയാണ്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15നുള്ളിൽ പരിഹരിക്കാനാകുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്നാൽ ഈ സമയപരിധിക്കുള്ളിൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ലെന്ന നിലപാടാണ് കെഎസ്ഇബി സ്വീകരിച്ചിരിക്കുന്നത്.

വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നതോടെ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു. പീക്ക് സമയത്ത് ഏകദേശം 1,000 മെഗാവാട്ടിന്റെ കുറവാണ് നേരിടുന്നത്. ഈ കുറവ് മറികടക്കാൻ സെപ്റ്റംബർ അവസാനം വരെ കാത്തിരിക്കേണ്ട സാഹചര്യമാണെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.

മഴ ലഭിച്ചാൽ സംസ്ഥാനത്തിന് നേരിയ ആശ്വാസം ലഭിക്കുമെന്നാണ് കെഎസ്ഇബി പറയുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെയും വൈദ്യുതി ക്ഷാമം പരിഹരിക്കാതെ ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകില്ല. അതിനാൽ നിലവിലെ നിയന്ത്രണം ഉടൻ പൂർണമായി പിൻവലിക്കാൻ കഴിയില്ലെന്നാണ് ബോർഡിന്റെ നിലപാട്.

പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ അമിതമായ വൈദ്യുതി ഉപയോഗം ഒഴിവാക്കണമെന്നും കെഎസ്ഇബി നിർദേശിക്കുന്നു. വൈദ്യുതി ലഭ്യതയും ഉപഭോഗവും തമ്മിലുള്ള വലിയ അന്തരം കുറയ്‌ക്കുകയാണ് നിലവിലെ സാഹചര്യത്തിൽ പ്രധാന വെല്ലുവിളി.

Share